കൊച്ചിയില്‍ 'ചമ്പല്‍ മോഡല്‍' കൊള്ള; കേരള പൊലീസിന് നാണക്കേട്

kochi-theft
SHARE

ഇരുപത്തിനാല് മണിക്കൂറിന്റെ ഇടവേളയിൽ രണ്ട് കൊള്ളയാണ് കൊച്ചി നഗരത്തിൽ നടന്നത്. നഗരമധ്യത്തിലെ പുല്ലേപ്പടിയിലും നഗരത്തോട് ചേർന്ന തൃപ്പൂണിത്തുറയിലും. മുൻഭാഗത്തെ ജനൽ കമ്പി തകർന്ന് വെള്ളിയാഴ്ച്ച പുലർച്ചെ പുല്ലേപ്പടിയിലെ ഇ.കെ.ഇസ്മയിലിന്റെ വീട്ടിൽ കടന്ന കവർച്ചാ സംഘം വീട്ടുകാരിയുടെ കഴുത്തിൽ കത്തിവെച്ച് അഞ്ചുപവൻ സ്വർണവും കവർന്ന് രക്ഷപ്പെടുകയായിരുന്നു. വീട്ടില്‍ ഉണ്ടായിരുന്ന മറ്റ് അംഗങ്ങൾ ഉണർന്നതുകൊണ്ട് മാത്രമാണ് വലിയൊരു കൊള്ളയും മറ്റ് അതിക്രമങ്ങളും അവിടെ സംഭവിക്കാ‍ഞ്ഞത്. റേ‍ഞ്ച് ഐജി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തുകയും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. 

തൃപ്പൂണിത്തുറയില്‍ നടന്നത്

ഈ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇന്ന് പുലർച്ചെ തൃപ്പൂണിത്തുറ എരൂർ സൗത്തിലെ ആനന്ദകുമാറിന്റെ വീട്ടിൽ കൊടുംകൊള്ള നടന്നത്. ചമ്പൽകൊള്ളക്കാരെ ഓർമ്മിപ്പിക്കുന്ന രീതിയിലായിരുന്നു കവർച്ചാ സംഘത്തിന്റെ അഴി‍ഞ്ഞാട്ടം. പുലർച്ചെ രണ്ടുമണിയോടെ വീടിന്റെ മുൻഭാഗത്തെ ജനൽ തകർത്താണ് കൊള്ള സംഘം വീടിന് അകത്ത് കയറിയത്. വീട്ടിലുണ്ടായിരുന്ന എല്ലാവരെയും കെട്ടിയിട്ട് മർദിച്ചു. നിലവിളി പുറത്ത് വരാതിരിക്കാൻ വായിൽ തുണി തിരുകി. കർച്ചക്കാരുടെ അടിയേറ്റ ഗൃഹനാഥൻ നന്ദകുമാറിന്റെ തലയിൽ ആറ് തുന്നലിടേണ്ടി വന്നു. എഴുപത് വയസുള്ള നന്ദകുമാറിന്റെ അമ്മയെ പോലും സംഘം വെറുതേവിട്ടില്ല. രണ്ട് മണിക്കൂറിലധികമാണ് സംഘം വീട്ടില്‍ ചെലവഴിച്ച്. ലൈറ്റ് ഇട്ട് വീടുമുഴുവൻ അരിച്ചുപെറുക്കിയ കൊള്ളസംഘം  വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങൾ എല്ലാം കൊണ്ടുപോയി. ഒരു ചില്ലിക്കാശ് പോലും അവശേഷിപ്പിക്കാതെയാണ് കൊള്ളയടിച്ചത്.

ഒരേ സംഘമാണ് ഇരു കവർച്ചകൾക്കും പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാരണം പുല്ലേപ്പടിയിൽ നടന്ന കവർച്ചയ്ക്ക് സമാനമാണ് തൃപ്പൂണിത്തുറയിൽ നടന്ന കവർച്ചയും. രണ്ടിടത്തും വീടിന്റെ മുൻഭാഗത്തെ ജനൽ തകർത്താണ് കവർച്ചാ സംഘം വീടിനുള്ളിൽ കയറിയത്. പത്തുപേരിൽ കുറയാത്ത ഇതര സംസ്ഥാനക്കാരുടെ സംഘമാണ് രണ്ട് കവർച്ചകൾക്ക് പിന്നിലും. കവർച്ചക്ക് തിരഞ്ഞെടുത്ത വീടുകൾക്കുമുണ്ട് സാമ്യം. ഇരു വീടുകളും റയിൽവേ ട്രാക്കിൽ നിന്ന് ഏറെ ദൂരത്തല്ല. ട്രെയിൻപോകുന്ന സമയമാണെങ്കിൽ നിലവിളിക്കുന്നത് അയൽവാസികൾ അറിയില്ല. മാത്രമല സ്ഥലം അധികം പരിചയമില്ലാത്ത ആളുകൾക്ക് റയിൽവേ ക്രോസിലൂടെ വേഗത്തിൽ രക്ഷപെടാനും സാധിക്കും എന്നുള്ളതു കൊണ്ടാകും ഈരീതിയെന്നാണ് പൊലീസിന്റെ നിഗമനം.

തൃപ്പൂണിത്തുറയിൽ നിന്ന് അൻപത് പവൻ സ്വർണ്ണവും ഇരുപതിനായിരം രൂപയും നാലു മൊബൈൽ ഫോണും എടിഎം കാർഡ് ഉൾപ്പെട്ട പേഴ്സുകളും മോഷണം പോയി. കവർച്ച നടന്ന സ്ഥലങ്ങളിൽ പുലർച്ചെ ഇതര സംസ്ഥാനക്കാരുടെ സംഘത്തെ കണ്ടെന്ന മൊഴിയുണ്ട്. മാത്രമല്ല തൃപ്പൂണിത്തുറയിലെ കവർച്ച നടന്ന വീട്ടിൽ നിന്ന് പൊലീസ് നായ എത്തിയത് ഉത്തരേന്ത്യക്കാരായ തൊഴിലാളികൾ താമസിക്കുന്ന വീട്ടിലാണ്. കൊച്ചി പോലെ ഒരു നഗരത്തിൽ തൊട്ടടുത്ത ദിവസങ്ങളില്‍ ഇത്തരം കൊള്ള നടന്നത് പൊലീസിന് വലിയ നാണക്കേടാണ്. 

MORE IN LOCAL CORRESPONDENT
SHOW MORE