സരിത നായരുമായി ഹൈബി ഈഡന് ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചവർക്ക് തടവ്ശിക്ഷ

Thumb Image
SHARE

സോളർ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരുമായി എറണാകുളം എംഎൽഎ ഹൈബി ഈഡന് ബന്ധമുണ്ടെന്ന് പ്രചാരണം നടത്തിയ നാല് ബിജെപി പ്രവർത്തകർക്ക് തടവ്ശിക്ഷ. നാലു പേരിൽ നിന്നും ഇരുപത്തിയയ്യായിരം രൂപ വീതം പിഴയൊടുക്കണമെന്നും എറണാകുളം എസിജെഎം കോടതി ഉത്തരവിട്ടു. ഹൈബി ഈഡൻ നൽകിയ മാനനഷ്ട കേസിലാണ് കോടതി നടപടി. 

പച്ചാളം മേൽപാലം നിർമാണത്തിലെ പ്രശ്നങ്ങളുയർത്തി സംഘപരിവാർ ജനകീയ സമര സമിതി എന്ന പേരിലുളള സംഘടന നാട്ടുകാർക്കിടയിൽ ലഘുലേഖകൾ വിതരണം ചെയ്തിരുന്നു. പ്രാദേശിക ബിജെപി നേതാക്കളുടെ നേതൃത്വത്തിലായിരുന്നു നടപടി.. സ്ഥലം എംഎൽഎ ആയ ഹൈബി ഈഡൻ അഴിമതിക്കാരനാണെന്നും,സോളർ കേസിലെ മുഖ്യപ്രതി സരിത എസ് നായരുമായി ബന്ധമുണ്ടെന്നുമുളള തരത്തിലായിരുന്നു നോട്ടീസിലെ പ്രചാരണങ്ങൾ. ഈ പ്രചാരണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും അപകീർത്തിപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈബി ഈഡൻ കോടതിയെ സമീപിച്ചത്.

എന്നാൽ ആരോപണങ്ങൾക്കൊന്നും മതിയായ തെളിവുകൾ ഹാജരാക്കാൻ ജനകീയ സമര സമിതി പ്രവർത്തകർക്കായില്ല. പ്രതികളുടെ ആവശ്യ പ്രകാരം സരിത എസ് നായരെ വിസ്തരിക്കാനായി കോടതി നോട്ടീസ് അയച്ചെങ്കിലും സരിത ഹാജരായില്ല. ഇതോടെയാണ് ഹൈബി ഈഡൻറെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി കോടതി നാലുപേർക്കെതിരെ ശിക്ഷ വിധിച്ചത്. ബിജെപി എറണാകുളം നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് അബ്്ജു സുരേഷ്,പ്രാദേശിക നേതാക്കളായ സരിത സന്തോഷ്,ഹേമ സുധീർ, സംഘപരിവാർ ജനകീയ സമര സമിതി സെക്രട്ടറി ജോസി മാത്യു എന്നിവർക്ക് ഒരു ദിവസം തടവും ഇരുപത്തിയയ്യായിരം രൂപ പിഴ ശിക്ഷയുമാണ് വിധിച്ചത്. പിഴയൊടുക്കുന്നില്ലെങ്കിൽ നാലു പേരും നാലു മാസം കൂടി തടവുശിക്ഷ അനുഭവിക്കേണ്ടി വരും. 

എന്നാൽ സോളർ കമ്മിഷൻ റിപ്പോർട്ട് വരുന്നതിനു മുമ്പാണ് കോടതി കേസ് പരിഗണിച്ചതെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും ഒന്നാം പ്രതിയായ ബിജെപി നേതാവ് അബ്്ജു സുരേഷ് പ്രതികരിച്ചു. 

MORE IN LOCAL CORRESPONDENT
SHOW MORE