പൂമ്പാറ്റ സിനിയുടെ തട്ടിപ്പിൽ വീണവരിൽ വീട്ടമ്മമാരും; താലിമാല വരെ ഊരി നൽകി

poombatta-sini2
SHARE

പൂമ്പാറ്റ സിനിയുടെ തട്ടിപ്പ് വീണവരിൽ കൂടുതലും വീട്ടമ്മമാരാണെന്ന് പൊലീസ് പറയുന്നു.പൂമ്പാറ്റ സിനി നിരവധി സ്ത്രീകളെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി തൃശൂര്‍ ഷാഡോ പൊലീസ് കണ്ടെത്തിയിരുന്നു. വാചകമടിയിലാണ് സിനി സ്ത്രീകളെ പാട്ടിലാക്കിയിരുന്നത്. പൂമ്പാറ്റ സിനിയെ കുറിച്ചുളള കാര്യങ്ങൾ വാർത്തകളിൽ വരുമ്പോഴാണ് പലരും ലക്ഷങ്ങൾ തട്ടിയെടുത്ത തട്ടിപ്പുകാരിയുടെ യഥാർത്ഥ മുഖം അറിയുന്നത് തന്നെ.

ടൺ കണക്കിന് സ്വർണം കയ്യിലുണ്ടെന്ന് ധരിപ്പിച്ചായിരുന്നു സിനി ആളുകളെ പാട്ടിലാക്കിയിരുന്നത്. തൃശൂര്‍ ജില്ലയിലെ മൂന്നു വീട്ടമ്മമാരുടെ നിരവധി ആഭരണങ്ങള്‍ പൂമ്പാറ്റ സിനി കൈക്കലാക്കിയിരുന്നതായി കണ്ടെത്തിയിരുന്നു.മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് മുങ്ങിയതോടെ പിന്നെ വീട്ടമ്മമാര്‍ പരക്കംപാഞ്ഞു. ആഭരണം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഇവർ. ഇതിനിടെ സിനിയെ കുറിച്ചുളള വാർത്തകൾ മാധ്യമങ്ങളിൽ വന്നതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി ആ പാവങ്ങൾ മനസിലാക്കുന്നത് തന്നെ.പിറ്റേന്നു രാവിലെതന്നെ തൃശൂരിലെ ഷാഡോ പൊലീസിന് പരാതിയുമായി ഇവര്‍ എത്തി. ഷാഡോ പൊലീസ് ചോദ്യം ചെയ്യുമ്പോഴെല്ലാം, അയ്യോ പാവം ചമഞ്ഞാണ് സിനിയുടെ നില്‍പ്പ്. 

നടരാജവിഗ്രഹം കാട്ടി മൂന്നു പേരില്‍ നിന്നായി 60 ലക്ഷം രൂപയാണ് രണ്ടു വര്‍ഷം മുമ്പ് തട്ടിയെടുത്തത്. പൊലീസ് പിടികൂടുമെന്നായപ്പോള്‍ വിഗ്രഹം കിണറ്റില്‍ എറിഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാര്‍ കിണറ്റിലിറങ്ങി വിഗ്രഹം എടുത്തപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. ട്രെയിന്‍ യാത്രയ്ക്കിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി പത്തു പവന്റെ ആഭരണങ്ങള്‍ ഊരിവാങ്ങി. പണം പലിശയ്ക്കു കൊടുത്തത് മടക്കികിട്ടാന്‍ ഈ ഉദ്യോഗസ്ഥ ട്രെയിനിലിരുന്ന് ഫോണില്‍ സംസാരിക്കുന്നത് സിനി കേട്ടു. ഓപ്പറേഷന്‍ കുബേരയില്‍ പിടിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കയ്യോടെ ആഭരണങ്ങള്‍ ഊരിവാങ്ങിയത്. സിനിയുടെ തട്ടിപ്പിന്റെ കഥകള്‍ സീരിയല്‍ പരമ്പരപോലെ നീണ്ടതാണ്. ഇതുവരെ, ഇരുപതു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. പരാതി നല്‍കാന്‍ മടിച്ച തട്ടിപ്പുകള്‍ ഇനിയും നിരവധിയുണ്ട്. 

പത്താം ക്ലാസിൽ തോറ്റ പൂമ്പാറ്റ സിനി ഒരു കളളു ചെത്തുകാരനെ പ്രണയിച്ചു കല്യാണം കഴിച്ചു. ഒരു മകളുണ്ടായി. ഭര്‍ത്താവ് മരിച്ചതോടെ ചില്ലറ തട്ടിപ്പുമായി ഇറങ്ങി. അടുത്ത ഇര ഒരു വ്യാപാരിയായിരുന്നു, നഗ്നതചിത്രങ്ങൾ എടുത്ത് ഇയാളെ ഭീഷണിപ്പെടുത്തുകയും 21 ലക്ഷം രൂപയോളം അപഹരിക്കുകയും ചെയ്തു.

ഗത്യന്തരമില്ലാതെ വന്നപ്പോള്‍ വ്യാപാരി ജീവനൊടുക്കി. പിന്നെയും തട്ടിപ്പ് തുടര്‍ന്നു. കൊച്ചിയില്‍ വാടക വീട്ടില്‍ കഴിയുമ്പോള്‍ വീട്ടുടമയേയും പറ്റിച്ചു. സിനിയോട് മിണ്ടിയാല്‍ ആഭരണമോ പണമോ കൊടുത്തിരിക്കും. സംസാരിച്ചു വീഴ്ത്താന്‍ അത്രയും കഴിവാണെന്ന് സിനിയോട് അടുപ്പമുളളവർ പറയുന്നു.

MORE IN KERALA
SHOW MORE