പള്‍സര്‍ സുനിയെയും കൂട്ടാളിയെയും കോടതി മുറിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തതിനെ ചൊല്ലി രാഷ്ട്രീയ, നിയമ തര്‍ക്കങ്ങളും ശക്തമായി. അറസ്റ്റിനെ വിമര്‍ശിക്കുന്നവര്‍ ആരുടെ താല്പര്യമാണ് സംരക്ഷിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കോടതിയില്‍ കയറി പ്രതിയെ പിടിക്കേണ്ടി വന്നത് പൊലീസിന് നാണക്കേടായെന്ന് പ്രതിപക്ഷ നേതാവും പ്രതികരിച്ചു.
സുനിയെ പിടികൂടിയ പൊലീസ് സംഘത്തെ അഭിന്ദിച്ച മുഖ്യമന്ത്രി അറസ്റ്റിനെ ചൊല്ലിയുയര്‍ന്ന വിവാദങ്ങളെ കടുത്തഭാഷയിലാണ് വിമര്‍ശിച്ചത്. കേസില്‍ പൊലീസിന് വീഴ്ചപറ്റിയിട്ടില്ലെന്ന് പറഞ്ഞ ഡിജിപി പക്ഷേ,അറസ്റ്റ് വിവാദത്തില്‍ പ്രതികരിക്കാന്‍ തയാറായില്ല.
എന്നാല്‍ പൊലീസിന് വീഴ്ചപറ്റിയെന്ന് വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് കടുത്ത പരിഹാസവും പൊലീസിന് നേരെ ഉയര്‍ത്തി. ഇതിനിടെ പൊലീസ് കോടതിയില്‍ കയറി പ്രതികളെ അറസ്റ്റ് ചെയ്തതിനെതിരെ ഒരു വിഭാഗം അഭിഭാഷകര്‍ എറണാകുളം ജില്ലാ ജഡ്ജിക്ക് പരാതി നല്കി.
അതേസമയം, പ്രതികളെ പിടിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രതികരിച്ച നടി മഞ്ജുവാര്യര്‍,നടിക്കു നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്ന് ആവര്‍ത്തിച്ചു.