പ്രാദേശിക പാർട്ടികളുടെ കൂട്ടായ്മ രൂപീകരിക്കണമെന്ന് ആഗ്രഹിക്കുന്നതായി കേരളാ കോൺഗ്രസ് എം നേതാവ് കെ.എം.മാണി. ഇപ്പോഴത്തെ സാഹചര്യത്തിൽ സംസ്ഥാനപാർട്ടികളുടെ യോജിപ്പ് ഏറെ അനിവാര്യമാണ്. മുസ്ലിം ലീഗുൾപ്പെടെ ഇക്കാര്യത്തിൽ സഹകരിക്കുന്നത് നന്നായിരിക്കുമെന്നും കെ.എം.മാണി കോട്ടയത്ത് മനോരമ ന്യൂസിനോട് പറഞ്ഞു.
യുഡിഎഫിലേയ്ക്ക് തിരിച്ചുപോക്ക് ഉണ്ടാകില്ലെന്നും കെ.എം.മാണി വ്യക്തമാക്കി. വിജയത്തിലേയ്ക്ക് കുതിക്കുമ്പോൾ വീണ്ടും പരാജയപ്പെടാൻ തിരിച്ചുവരേണ്ടതില്ല. യുഡിഎഫിലായിരുന്നപ്പോൾ കോൺഗ്രസിന്റെ നുകത്തിന് കീഴിലായിരുന്നു. അതുകൊണ്ട് അതിന്റെ ദൗർബല്യങ്ങൾ കേരളാകോണ്ഗ്രസിലും പ്രകടമായിരുന്നു. എടുത്ത തീരുമാനങ്ങളെക്കുറിച്ച് ഒരിക്കലും പരിതപിക്കേണ്ടി വന്നിട്ടില്ലെന്നും മാണി പറഞ്ഞു.
ബിജെപിയോട് അന്ധമായ എതിർപ്പില്ലെന്നും കെ.എം,.മാണി. നോട്ടുപിൻവലിക്കൽ കള്ളപ്പണം പുറത്തുകൊണ്ടുവരാന്‍ സഹായകരമാണെങ്കിലും നടപ്പാക്കിയതിൽ വീഴ്ചപറ്റി. ശക്തമായ രാഷ്ട്രീയ പ്രസ്ഥാനമാണങ്കിലും കേരളത്തിൽ കാര്യമായ മുന്നേറ്റമുണ്ടാൻ ബിജെപിയ്ക്ക് കഴിയുമെന്ന് തോന്നുന്നില്ല. നയങ്ങളും പരിപാടികളുമായി യോജിക്കുന്ന ആളുകളുമായി ഭാവിയിൽ സഹകരിക്കുമെന്നും ആരെങ്കിലും വാതിൽ തുറന്നാൽ ഒാടിക്കയറുന്നവരല്ല കേരളാ കോൺഗ്രസെന്നും മാണി വ്യക്തമാക്കി.