സംസ്ഥാനത്തെ മുഴുവൻ ഭൂസമരങ്ങളും ഒരു കുടക്കീഴിലാക്കിയുള്ള പ്രതിഷേധത്തിന് ബിജെപി നേതൃത്വം നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. ഭൂരഹിതരെ പങ്കെടുപ്പിച്ച് മാർച്ച് ആദ്യവാരം വിപുലമായ കൺവൻഷൻ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗവിമേഖലയിൽ ഭൂസമരം നടത്തുന്ന ആദിവാസി കുടുംബങ്ങളെ നേരിൽക്കണ്ട ശേഷം സംസാരിക്കുകയായിരുന്നു കുമ്മനം.
്സ്വന്തമായി ഭൂമിയില്ല. ഷീറ്റ് മൂടിയ മറയ്ക്കുള്ളിൽ താമസം. വന്യമൃഗങ്ങളുടെ ആക്രമണം. ഗവിമേഖലയിലെ ആദിവാസികളുടെ പതിവ് പരാതികൾക്ക് കുറവുണ്ടായിരുന്നില്ല. പരിമിതികൾ അന്വേഷിച്ചെത്തുന്നവർ പിന്നീട് തിരിഞ്ഞ് നോക്കാറില്ലെന്നും ഇവർ പറയുന്നു. ഗവിയിലെ മുന്നൂറിലധികം ഭൂരഹിതരുടെ പ്രശ്നത്തിൽ ശക്തമായ ഇടപെടൽ നടത്തുമെന്നായിരുന്നു കുമ്മനത്തിന്റെ വാക്ക്.
മൂഴിയാർ കൊച്ചുപമ്പ പച്ചക്കാനം എന്നിവിടങ്ങളിലെ ആദിവാസികളിൽ നിന്ന് കുമ്മനവും സംഘവും പരാതികൾ ശേഖരിച്ചു. ഗവിയിൽ ജനകീയ സദസും സംഘടിപ്പിച്ചിരുന്നു. ജനങ്ങളുടെ പരാതികൾ ഉൾപ്പെടുത്തി കേന്ദ്രസർക്കാരിനും മുഖ്യമന്ത്രിയ്ക്കും നിവേദനം നൽകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.