വന്‍തുക വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയവരുടെ വീടുകള്‍ക്കുമുന്നില്‍ സമരവുമായി കാത്തലിക് സിറിയന്‍ ബാങ്ക് ജീവനക്കാര്‍. ബാങ്കുകളുടെ നിലനില്പുതന്നെ ഭീഷണിയാകുന്ന വിധത്തില്‍ കിട്ടാക്കടം പെരുകിയ സാഹചര്യത്തിലാണ് വ്യത്യസ്ത സമരവുമായി ജീവനക്കാര്‍ തെരുവിലിറങ്ങിയത്.
അരക്കോടിയിലേറെ രൂപ വായ്പയെടുത്ത്, മനഃപൂര്‍വം കുടിശിക വരുത്തിയ ഇരുപത്തിനാല് വ്യക്തികളുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്നിലാണ് ബാങ്ക് ജീവനക്കാര്‍ സമരം സംഘടിപ്പിച്ചത്. സംസ്ഥാന വ്യാപകമായി നടന്ന സമരത്തില്‍ കാത്തലിക് സിറിയന്‍ ബാങ്കിലെ എക്സിക്യൂട്ടീവുകള്‍ മുതല്‍ താഴേത്തട്ടിലുള്ള ജീവനക്കാര്‍ വരെ വായ്പക്കാരെ തേടിയിറങ്ങി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 156 കോടി രൂപയാണ് ബാങ്കിന്റെ നഷ്ടം. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കേണ്ടിവരുന്ന സാഹചര്യത്തിലാണ് ജീവനക്കാരുടെ സമരം. ബാങ്കില്‍ നിന്നു വിരമിച്ചവരുടെ പിന്തുണയും സമരത്തിനുണ്ട്. അടുത്തഘട്ടത്തില്‍ കുടുംബാംഗങ്ങളെക്കൂടി പങ്കെടുപ്പിച്ച് വന്‍പ്രതിഷേധത്തിനാണ് ജീവനക്കാര്‍ ഒരുങ്ങുന്നത്.