കണ്ണൂര്‍ കൊട്ടിയൂരില്‍ വൈദികന് പ്രതിയായ പീഡനക്കേസില്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ രണ്ടാം പ്രതി തങ്കമ്മക്ക് കോടതി ജാമ്യം അനുവദിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം രാവിലെ ആറരക്ക് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ തങ്കമ്മയെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥന് കോടതിയില്‍ ഹാജരാക്കിയത്. ഒന്നാം പ്രതി ഫാ.റോബിന് വടക്കാഞ്ചേരിക്കുവേണ്ടി കുറ്റകൃതൃം ഏകോപിപ്പിച്ചത് തങ്കമ്മയാണെന്ന് പൊലീസ് പറഞ്ഞു.
പതിനെട്ടാം തിയതി രാവിലെ ഏഴുമണിക്ക് മുമ്പായി അന്വേഷണഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകണമെന്ന ഹൈക്കോടതി ഉത്തരവ് അവസാനിക്കാന്‍ അരമണിക്കൂര്‍ ശേഷിക്കുമ്പോഴാണ് അഭിഭാഷകയുടെ കൂടെ തങ്കമ്മ പേരാവൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്.സിഐ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് തങ്കമ്മയെ വിശദമായി ചോദ്യം ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനക്ക് ശേഷം തലശേരി പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജാമ്യം അനുവദിച്ചു. ഇന്നലെ കീഴടങ്ങിയ ഫാ.തോമസ് തേരകം ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം നല്കുമ്പോള് മുന്നോട്ടുവെച്ച ഉപാധികള്‍ തന്നെയാണ് തങ്കമ്മക്കും നല്‍കിയിരിക്കുന്നത്. എല്ലാആഴ്ചയിലും തിങ്കളാഴ്ച അന്വേഷണഉദ്യോഗസ്ഥന്റെ മുമ്പാകെ എത്തി ഒപ്പുരേഖപ്പെടുത്തുക, സാക്ഷികളെ സ്വാധിനിക്കാതിരിക്കുക, ആള് ജാമ്യം , മുപ്പതിനായിരം രൂപ ബോണ്ട് എന്നിവയാണ് ഉപാധികള്‍.
പെണ്‍കുട്ടി പ്രസവിച്ച ഫെബ്രുവരി ഏഴുമുതല്‍ ഇരുപതുവരെയുള്ള ദിവസങ്ങളില്‍ പ്രതികള്‍ തമ്മിലുള്ള ഫോണ്‍സംഭാഷണങ്ങളുടെ രേഖകള്‍ സഹിതമാണ് തങ്കമ്മയേയും ചോദ്യം ചെയ്തതത്.ഇന്നലെ കീഴടങ്ങിയ മൂന്നുപേരേയും ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളും തങ്കമ്മയോട് ചോദിച്ചറിഞ്ഞു. ഫാ.റോബിന്റെ നിര്‍ദേശപ്രകാരം മറ്റുപ്രതികളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നത് തങ്കമ്മയാണെന്ന് പൊലീസ് പറഞ്ഞു.പത്തുപ്രതികളുള്ള കേസില്‍ ഇതോടെ അഞ്ചുപേര്‍ അറസ്റ്റിലായി.അഞ്ചുപ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ വിവിധകോടതികളിലായി പരിഗണനയിലാണ്.