വർഷങ്ങൾക്കു മുമ്പ്, ഡിയോഡറന്റുകളും സ്പ്രേകളും വിപണി കൈയടക്കും മുമ്പ് ശരീരത്തിനു സുഗന്ധം ലഭിക്കാൻ അത്തർ ഉപയോഗിച്ചിരുന്നു. മനോഹരമായ പളുങ്കു കുപ്പികളിൽ വന്നിരുന്ന അത്തറിന് ഇന്നും ധാരാളം ആവശ്യക്കാരുണ്ട്. അത്തർ പൂശി ഇറങ്ങിയാൽ അന്തരീക്ഷത്തിലാകെ ആ സുഗന്ധം നിറഞ്ഞു നിൽക്കുമെന്നാണ് പറയാറ്. ഇത് ശരിരത്തിലേക്ക് നേരിട്ട് പുരട്ടുന്നതിനാൽ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധ വേണം.
ചെടിയിൽ നിന്ന്
അത്തർ എന്നറിയപ്പെടുന്ന സുഗന്ധലേപനത്തിന്റെ ഉപയോഗം 5000 വർഷങ്ങൾക്കു മുമ്പുതന്നെ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു. അത്തർ ആദ്യമായി ഉത്പാദിപ്പിച്ചത് ഇന്ത്യയിലാണ്. എന്നാൽ ഇത്തർ എന്ന പേരിലും അറിയപ്പെടുന്ന അത്തർ ഇന്ന് അറബ് രാജ്യങ്ങളിൽ വളരെ പ്രചാരത്തിലുണ്ട്.
അത്തർ ഉണ്ടാക്കുന്നത് ചിലതരം ചെടികളുടെ പൂക്കൾ, തണ്ട്, വേര്, മുതലായ ഭാഗങ്ങൾ ഓട്ടോ ഡിസ്റ്റിലേഷൻ (Auto distilation) എന്ന പ്രക്രിയ വഴി വാറ്റിയെടുത്താണ്. ഇങ്ങനെ ലഭ്യമാകുന്ന എണ്ണ വളരെ സാന്ദ്രത കൂടിയതും അതിനാൽ തന്നെ ചെറിയ കുപ്പികളിലാക്കിയുമാണ് വിപണിയിലെത്തുന്നത്. വളരെ ചെറിയ അളവിൽ മാത്രമെ ഇത് ഉപയോഗിക്കേണ്ടതുള്ളൂ. ചെടിയുടെ പേരും ചെടിയുടെ ഏതു ഭാഗമാണ് ഉപയോഗിക്കുന്നത് എന്നതുമനസരിച്ച് അത്തർ പല പേരുകളിൽ അറിയപ്പെടുന്നു.