നടിക്കെതിരായ ആക്രമണത്തിനു പിന്നിലെ ഗൂഢാലോചനയും അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ക്വട്ടേഷന്‍ സംഘത്തിന്റെ പിന്നിലാരെന്ന് കണ്ടെത്തുമെന്ന് സിനിമാ മന്ത്രി എ. കെ. ബാലന് അറിയിച്ചു. ആരോ ക്വട്ടേഷന്‍ നല്‍കിയാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന നടിയുടെ വെളിപ്പെടുത്തല്‍ ഇന്നലെ മനോരമ ന്യൂസ് പുറത്തുവിട്ടതിനു പിന്നാലെയാണ് ഗൂഢാലോചനവിവാദവും ചൂടുപിടിക്കുന്നത്.
ആക്രമണം നടന്ന് അഞ്ചാംദിവസമായി മുഖ്യപ്രതികള്‍ ഇപ്പോഴും ഒളിവില്‍ കഴിയുമ്പോഴാണ് സിനിമാരംഗത്തെ ഗുണ്ടാസ്വാധീനവും ഗൂഢാലോചനവിവാദവും ചൂടുപിടിക്കുന്നത്. സിനിമയില്‍ ശക്തരാകാന്‍ ചിലര്‍ ഗുണ്ടകളെ ഉപയോഗിക്കുന്നതായി കെ.ബി. ഗണേഷ് കുമാര്‍ ആരോപിച്ചു. ഇവര്‍ക്ക് വസ്തു ഇടപാടുകാരുമായും ബന്ധമുണ്ട്. പുറത്തുപറയാന്‍ പറ്റാത്ത പല കാര്യങ്ങളുമുണ്ടെന്നും എല്ലാം മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നും ഗണേഷ് കുമാര്‍ കൊല്ലത്തു പറഞ്ഞു.
ഗൂഢാലോചന കണ്ടെത്തുമെന്ന് സിനിമാ മന്ത്രി എ. കെ. ബാലന് കോഴിക്കോട്ട് പ്രതികരിച്ചു. സിനിമാമേഖലയില്‍ അംഗീകരിക്കാനാകാത്ത പ്രവണതകളുണ്ടെന്നും ദൈവം പ്രതിയാണെങ്കിലും പിടികൂടുമെന്നും ബാലന് വ്യക്തമാക്കി.
അതേസമയം, അക്രമത്തില്‍ രാഷ്്ട്രീയബന്ധമുണ്ടെങ്കില് അതും അന്വേഷിക്കാമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് പ്രതികരിച്ചു. സിനിമാ മേഖലയിലുള്ളവരിലേക്ക് അന്വേഷണം നീളുമെന്ന വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും മുഖ്യ ആസൂത്രകനായ പള്‍സര്‍ സുനിയെ പിടികൂടാനാവാതെ പൊലീസിന് ഇതേക്കുറിച്ച് വ്യക്തമായ സൂചന ലഭിക്കാനിടയില്ല. പള്‍സര്‍ സുനിയെ സംഭവദിവസം വിളിച്ചവരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.