അക്രമസക്തരാകാൻ സാധ്യതയുള്ളവരെ കോടതിയിലോ ആശുപത്രിയിലോ ഹാജരാക്കുമ്പോൾ കോടതി അനുമതിയോടെ കൈവിലങ്ങ് അണിയിക്കാൻ നിർദേശം. ഇത്തരക്കാരെ പരിശോധനക്കെത്തിക്കും മുൻപ് ഡോക്ടർമാർക്ക് മുന്നറിയിപ്പ് നൽകണം. സുരക്ഷ ഒരുക്കാൻ പൊലീസുകാർക്ക് പ്രത്യേക പരിശീലനം നൽകാനും നിർദേശിച്ച് മാർഗനിർദേശങ്ങൾ ഇറക്കി.
ഡോക്ടർ വന്ദന ദാസിന്റെ ക്രൂര കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് അക്രമസക്തരാകുന്ന പ്രതികളെയോ വ്യക്തികളെയോ ആശുപത്രിയിലോ കോടതിയിലൊ എത്തിക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി പൊലീസ് പ്രത്യേക മാർഗ നിർദേശം ഇറക്കിയത്. ഏത് വ്യക്തികളെ കൂട്ടിക്കൊണ്ട് വരുമ്പോളും അയാൾ അക്രമാസക്തനാകുന്ന സ്വഭാവമുള്ളയാളാണോയെന്ന് ബന്ധുക്കളോടും നാട്ടുകാരോടും ചോദിച്ച് അറിയണം. കൈയ്യിലോ ശരീരത്തിലോ ആയുധങ്ങളില്ലന്ന് ഉറപ്പാക്കണം. അക്രമാസക്തനാക്കാൻ സാധ്യതയുണ്ടങ്കിൽ ബന്ധുവിനെയോ നാട്ടുകാരനെയോ കൂടെ കൂട്ടണം.
ആശുപത്രിയിലെത്തിക്കും മുൻപ് ഡോക്ടർമാരെ മുൻകൂട്ടി അറിയിച്ച് സുരക്ഷാ ക്രമീകരണം ശക്തമാക്കണം. ഡോക്ടർ ആവശ്യപ്പെട്ടാൽ മാത്രമേ പരിശോധനാ സമയത്ത് കസ്റ്റഡിയിലുള്ളയാളിന്റെ തൊട്ടടുത്ത് നിന്ന് മാറാവൂ. മാറിയാൽ പോലും നേരിട്ട് കാണാവുന്ന അകലത്തിലുണ്ടാവണം. കത്രിക ഉൾപെടെയുള്ള ആയുധങ്ങൾ കയ്യകലത്തിൽ നിന്ന് മാറ്റി സൂക്ഷിക്കണം. അക്രമസക്തനായാൽ ഡോക്ടറുടെ അനുമതി കൂടാതെ തന്നെ ഇടപെടണമെന്നുമാണ് നിർദേശം. ഇത്തരക്കാരെ കൊണ്ടു വരുമ്പോൾ എസ്. ഐ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ മജിസ്ട്രേറ്റിനോട് സാഹചര്യം വിശദീകരിച്ച ശേഷം അനുമതിയുണ്ടങ്കിൽ കൈവിലങ്ങ് അണിയിക്കാമെന്നുമാണ് എ.ഡി.ജി.പി. അജിത് കുമാർ തയാറാക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നത്.