ഉമ്മൻ ചാണ്ടിയുടെ മനസാക്ഷി തന്നെ ശരി; രണ്ട് കോടതിയിലും വിജയം: ഷാഫി

shafi-oommen-post
SHARE

മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെതിരായ അപകീർത്തിക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അനുകൂല വിധി വന്നതോടെ ആഘോഷമാക്കി കോൺഗ്രസ്. നേതാക്കളും പ്രവർത്തകരും സൈബർ ഇടങ്ങളിൽ ഉമ്മൻ ചാണ്ടിയുടെ ചിത്രം പങ്കിട്ട് വിധിയിലെ സന്തോഷം വ്യക്തമാക്കി.ഉമ്മൻ ചാണ്ടിയുടെ മനസാക്ഷി തന്നെയാണ് ശരിയെന്ന് ഷാഫി പറമ്പിൽ കുറിച്ചു. 

കേസിൽ 10,10,000 രൂപ നഷ്ടപരിഹാരമായി വിഎസ് ഉമ്മൻ ചാണ്ടിക്ക് നൽകണമെന്നു പ്രിൻസിപ്പൽ സബ് ജഡ്‌ജി ഷിബു ഡാനിയേൽ ഉത്തരവിട്ടത്. 2013 ജൂലൈ ആറിന് ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് വിഎസ്, ഉമ്മൻ ചാണ്ടിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. സോളർ തട്ടിപ്പിനായി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തുന്നു എന്നാണ് പ്രധാന ആരോപണം. 2019 സെപ്റ്റംബർ 24ന് ഉമ്മൻചാണ്ടി കോടതിയിൽ നേരിട്ടെത്തി മൊഴി നൽകിയിരുന്നു.

താൻ അഴിമതിക്കാരനാണെന്ന ധാരണ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുവാൻ വിഎസിന്റെ ആരോപണങ്ങൾ ഇടയാക്കിയതായി ഉമ്മൻചാണ്ടി മൊഴി നൽകിയിരുന്നു. കേസിൽ ഉമ്മൻചാണ്ടി അടക്കം മൂന്നു പേരെ വിസ്‌തരിച്ചു. 10,10,000 രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടാണ് ഉമ്മൻ ചാണ്ടി ഹർജി നൽകിയിരുന്നത്. സിവിൽ കേസിൽ ഉടൻ തന്നെ അപ്പീൽ സമർപ്പിക്കുമെന്ന് വിഎസിന്റെ അഭിഭാഷകൻ അറിയിച്ചു.

 

ഷാഫിയുടെ കുറിപ്പ് വായിക്കാം:

മനസാക്ഷിയുടെ കോടതിയിൽ മാത്രമല്ല നീതിന്യായ  കോടതിയിലും അടിസ്ഥാനരഹിത ആരോപണങ്ങൾക്ക് അൽപ്പായുസ്സേ ഉണ്ടാവുകയുള്ളു.

ഉമ്മൻ ചാണ്ടി സർക്കാരിനെ താഴെയിറക്കുവാൻ സിപിഎം കൊണ്ട് നടന്ന പ്രധാന നുണക്കേസുകളിലെല്ലാം,എതിരാളികളെ അപകീർത്തിപ്പെടുത്താനും അവരെ തകർക്കുവാൻ കോടതി വ്യവഹാരങ്ങൾ ഉൾപ്പടെ ഏതറ്റവും വരെ പോകുന്ന സിപിഎമ്മും അന്ന് അതിന്റെ മുഖമായിരുന്ന വി എസ് പോലും തോറ്റ് പോകുന്ന വിധികളുണ്ടാവുകയാണ്. സോളാർ കേസും ബാർ കോഴയും എന്തായി എന്ന് കേരളം ആലോചിക്കണം.

കോഴ മാണി എന്ന് വരെ വിളിച്ച് ആക്ഷേപിച്ചവർ തന്നെ  മാണി സാറിനെ പിന്നീട് വിശുദ്ധനായി പ്രഖ്യാപിച്ചത് കേരളം കണ്ടു.

മകനെ കൂടെ കൂട്ടി രാജ്യസഭാ എംപി സ്ഥാനവും പാർട്ടിക്ക് സർക്കാരിൽ മന്ത്രി സ്ഥാനവും വരെ കൊടുത്തു.നോട്ടെണ്ണൽ മെഷീൻ പഴങ്കഥളായി.

ഇരട്ടത്താപ്പും അവസരവാദവും ചെങ്കൊടി കുത്തി വാണു. സോളാറിൽ സരിത പറഞ്ഞതും സിപിഎം പറഞ്ഞതുമായ എല്ലാ നുണക്കൂമ്പാരങ്ങളും  ഓരോ ദിവസം ചെല്ലുന്തോറും തകർന്നടിയുന്നു. അന്ന് വേട്ടയാടിയ ഗണേഷ് കുമാറിനെയും കൂടെ കൂടിയപ്പോൾ വിശുദ്ധനാക്കി. ഉമ്മൻ ചാണ്ടിയുടെ മനസാക്ഷി തന്നെയാണ് ശരി...

MORE IN KERALA
SHOW MORE