അസമില്‍ കുടുങ്ങിയ കേരള ബസുകള്‍ക്ക് ഗുണ്ടാഭീഷണി: ഗുരുതര വെളിപ്പെടുത്തല്‍

busissue
SHARE

കോവിഡും ലോക്ഡൗണും മൂലം അസമില്‍ കുടുങ്ങിയ കേരളത്തില്‍ നിന്നുള്ള ടൂറിസ്റ്റ് ബസുകള്‍ക്ക് ഗുണ്ടാസംഘങ്ങളുടെ ഭീഷണിയെന്ന് പരാതി. 400ല്‍ പരം ബസ് തൊഴിലാളികള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. സമൂഹമാധ്യമങ്ങളില്‍ വിഷയം ചര്‍ച്ചയായതോടെ പൊലീസ് ഇടപെട്ട് ഇവര്‍ക്ക് യാത്രയ്ക്കുള്ള സൗകര്യം ഉണ്ടാക്കിയെങ്കിലും ഗുണ്ടകളുടെ ഭീഷണി മൂലം അസാമിലെ നാഗൂണില്‍ കുടുങ്ങിയവര്‍ക്ക് മടങ്ങാനാവാത്ത അവസ്ഥയാണെന്നാണ് വെളിപ്പെടുത്തല്‍. 

കേരളത്തില്‍ നിന്നുള്ള ചില ബസ് ഉടമകളുടെ തന്നെ സഹായത്തോടെയാണ് അസമില്‍ പണപ്പിരിവ് നടത്തുന്നതെന്നാണ് ഇവരുടെ ആരോപണം. ബസുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഗ്രൗണ്ടുകളിലെത്തി ഗുണ്ടാസംഘങ്ങള്‍ പണപ്പിരിവ് നടത്തിയിരുന്നു. ഒരു ദിവസം മുന്നൂറു രൂപ വരെ ഭീഷണിപ്പെടുത്തി വാങ്ങി. പണം നല്‍കാത്തവരെ മര്‍ദിക്കുകയും ബസ് പിടിച്ചുവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് പരാതിപ്പെട്ടതോടെയാണ് പൊലീസെത്തി ബസിനും തൊഴിലാളികള്‍ക്കും സംരക്ഷണം നല്‍കിയത്.

പൊലീസെത്തി സംരക്ഷണം നല്‍കിയതോടെ കേരളത്തിലേക്ക് മടങ്ങാന്‍ തയ്യാറെടുത്തു. എന്നാല്‍ തൊഴിലാളികളുമായി യാത്ര ആരംഭിച്ചെങ്കിലും ഗുണ്ടാസംഘങ്ങള്‍ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചുവെന്ന് എറണാകുളത്തെ പ്രമുഖ ടൂറിസ്റ്റ് ബസ് സര്‍വ്വീസിന്റെ ഉടമ പറഞ്ഞു. എന്നാല്‍ വേണ്ടത്ര സംരക്ഷണമില്ലാത്ത സാഹചര്യമായതിനാല്‍ പേരു വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇവര്‍ തയ്യാറല്ല.

ഇലക്ഷനും റമസാനും അനുബന്ധിച്ച് അന്യസംസ്ഥാനങ്ങളിലേക്ക് മടങ്ങിയ അതിഥിതൊഴിലാളികളെ എത്തിച്ച ബസുകളാണ് പ്രതിസന്ധിയിലായത്. ലോക്ഡൗണ്‍ മൂലം അതിഥിതൊഴിലാളികള്‍ മടങ്ങാന്‍ വിമുഖത കാട്ടിയതാണ് ഇവിടെ തുടരാനായി ബസുകളെ നിര്‍ബന്ധിതരാക്കിയത്. തൊഴിലാളികൾ ഇല്ലാതെ കേരളത്തിലേക്കു വന്നാല്‍ ഭാരിച്ച നഷ്ടമാണ് ഇവര്‍ നേരിടേണ്ടി വരുക. 

ഗ്രൗണ്ടുകളില്‍ പാര്‍ക്ക് ചെയ്ത ബസുകളിലാണ് ബസ് ജീവനക്കാര്‍ കഴിയുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ വലയുന്ന സാഹചര്യത്തിന് നിന്ന് രക്ഷപ്പെടാനാടാവാത്ത അവസ്ഥയാണ് ഇവര്‍ക്ക്. അസമിൽ നിന്നു മടങ്ങി വരണമെങ്കിൽ ഇന്ധനത്തിനു മാത്രം 70,000 രൂപയോളം വേണ്ടിവരും. മടക്കയാത്രക്കുള്ള ടാക്സും റോഡുകളിലെ ടോളും ഒഴിവാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനായുള്ള ഔദ്യാഗിക രേഖകളൊന്നും ലഭിച്ചിട്ടില്ലെന്നും ഇവര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.

കോവിഡ് തരംഗം ആരംഭിച്ചത് മുതല്‍ ടൂറിസ്റ്റ് ബസ് ഉടമകളും അനുബന്ധ ജീവനക്കാരും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ചെറിയ തോതിലുള്ള ഇളവുകള്‍ ലഭിച്ച് ബസ് സര്‍വ്വീസ് ആരംഭിച്ചപ്പോഴാണ് വീണ്ടും ദുരിതത്തിലാകുന്നത്. റോഡ് ടാക്സും ബാങ്ക് ലോണുമായി വലിയ ബാധ്യതയിലാണ് തങ്ങളെന്നും ഉടമകള്‍ പറയുന്നു. ടൂറിസ്റ്റ് ബസുകളെ കൊള്ളയടിക്കുന്ന സംഘങ്ങള്‍ക്കെതിരെ സമഗ്ര അന്വേഷണം വേണമെന്നാണ് ബസ് ഉടമകളും തൊഴിലാളികളും ആവശ്യപ്പെടുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...