അതിഥി തൊഴിലാളിക്ക് 80 ലക്ഷം ലോട്ടറി അടിച്ചു; സുരക്ഷ നൽകി പൊലീസ്

trivandrum-lottery-winner.jpg.image.845.440
SHARE

തിരുവനന്തപുരം ∙ പശ്ചിമ ബംഗാളിൽ നിന്നും തിരുവനന്തപുരത്ത് ജോലിക്ക് എത്തിയ  അതിഥി തൊഴിലാളിയെ കേരള ലോട്ടറി കടാക്ഷിച്ചു. ഭാഗ്യദേവത ലക്ഷങ്ങളുടെ സൗഭാഗ്യം നൽകിയപ്പോൾ ഞെട്ടിപ്പോയ അതിഥി തൊഴിലാളി പൊലീസ് സഹായം തേടി. സഹായം തേടിയെത്തിയ ആളിനെ പൊലീസും കൈവിട്ടില്ല. സുരക്ഷയൊരുക്കി മാതൃകയായി. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രതിഭാ മണ്ഡലിനാണ് കാരുണ്യ പ്ലസ് ടിക്കറ്റിന്റെ ഇന്നലെ നറുക്കെടുത്ത നമ്പർ pc 359410 ടിക്കറ്റിന്റെ ഒന്നാം സമ്മാനം 80 ലക്ഷം രൂപ ലഭിച്ചത്.

മരുതംകുഴിയിൽ നിർമാണ പ്രവർത്തനത്തിനായി എത്തിയ ആളാണ് ഇദ്ദേഹം. ലക്ഷപ്രഭുവായെന്നു അറിഞ്ഞതോടെ ടിക്കറ്റ് കൈയിൽ കൊണ്ടു നടക്കാൻ അദ്ദേഹത്തിന് പേടി. നേരെ പൂജപ്പുര പൊലീസ് സ്റ്റേഷനിലേക്ക് പോയി. കാര്യം അവതരിപ്പിച്ചു. പൊലീസ് ഒട്ടും മടിക്കാതെ ഇദ്ദേഹത്തിന് സഹായം വാഗ്ദാനം നൽകി. ബാങ്ക് അക്കൗണ്ടില്ലാത്ത പ്രതിഭാ മണ്ഡലിന് പൂജപ്പൂര കാനറ ബാങ്കിൽ അക്കൗണ്ട് എടുത്ത് നൽകാൻ സൗകര്യം ഒരുക്കി. 

ബാങ്ക് ഉദ്യോഗസ്ഥരെ പൊലീസ് വിവരം അറിയിച്ചു. അവർ സ്റ്റേഷനിൽ എത്തി ടിക്കറ്റ് സ്വീകരിച്ചു. ഹിന്ദി മാത്രം വശമുള്ള പ്രതിഭാ മണ്ഡലിന് മേൽവിലാസം അറിയില്ല. അതിനാൽ ഇന്ന്  ഉടമയുമായി എത്തി മേൽവിലാസം നൽകി അക്കൗണ്ട് തുറക്കാൻ നിർദേശം നൽകി.  ടിക്കറ്റ് പൊലീസിന്റെ സാന്നിധ്യത്തിൽ ലോക്കറിലേക്ക് മാറ്റി. ബാങ്കിലേക്ക് വരാനും തിരികെ മടങ്ങാനും പൊലീസ് വാഹനത്തിൽ തന്നെ സൗകര്യം ഒരുക്കി. ഇന്ന് ലോട്ടറി ഓഫിസിൽ ടിക്കറ്റ് മാറ്റി വാങ്ങാനായും ഈ അതിഥി തൊഴിലാളി എത്തുന്നുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...