കേരളത്തിൽ 'ആർ വാല്യു' താഴേക്ക്; വൈറസ് വ്യാപനം കുറയുന്നതിന്റെ സൂചന; പ്രതീക്ഷ

covid-test-02
SHARE

പ്രതിദിന കോവിഡ് കേസുകളിൽ കാര്യമായ കുറവില്ലെങ്കിലും, വൈറസ് വ്യാപനം കുറയുന്നതിന്റെ സൂചന നൽകി കേരളത്തിൽ ‘ആർ വാല്യു’ (റീപ്രൊഡക്‌ഷൻ നമ്പർ) താഴോട്ട്. വൈറസ് വ്യാപനം എത്ര വേഗത്തിലെന്നതിന്റെ സൂചികയായ ആർ വാല്യു 0.9ൽ നിന്ന് 0.87 ആയാണു കുറഞ്ഞത്. ഈ നില തുടർന്നാൽ പുതിയ കേസുകളുടെ എണ്ണത്തിൽ ഇനി ഗണ്യമായ കുറവുണ്ടാകും. നിലവിൽ പ്രതിദിന കേസുകളിൽ രാജ്യത്തു രണ്ടാമതാണു കേരളം..

എന്നാൽ, കേരളത്തിൽനിന്നു വ്യത്യസ്തമാണ് രാജ്യത്തെ പൊതുസ്ഥിതി. കോവിഡ് കാര്യമായി കൂടുന്നതിന്റെ സൂചന നൽകി ആർ വാല്യു കഴിഞ്ഞ ആഴ്ചയിലെ 0.93ൽ നിന്ന് 1.02 ആയി വർധിച്ചു. ആർ വാല്യു 1നു മുകളിലാകുന്നതു കോവിഡ് കൂടുതൽ വ്യാപിക്കുന്നതിന്റെ സൂചനയാണ്. കോവിഡിന്റെ തുടക്ക ഘട്ടത്തിൽ 1.7 ആയിരുന്നു രാജ്യത്ത് ആർ വാല്യു. ഇത് 1.83 ആയതോടെ വൈറസ് വ്യാപനം പാരമ്യത്തിലെത്തി. പിന്നീട് ഒന്നിനു താഴേക്കെത്തി. നവംബറിൽ വീണ്ടും ഒന്നിനു മുകളിലേക്കു പോയെങ്കിലും ഇതു നീണ്ടുനിന്നില്ല. 0.9 എന്ന ആശ്വാസ സംഖ്യയിൽ കുറച്ചുനാൾ ചുറ്റിത്തിരിഞ്ഞ ശേഷമാണ് ഇപ്പോഴത്തെ വർധന. പുതിയ കേസുകളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന 16 സംസ്ഥാനങ്ങളിൽ പകുതിയെണ്ണത്തിലും ആർ വാല്യു ഒന്നിനു മുകളിലാണ്. കഴിഞ്ഞ രണ്ടാഴ്ചകളിൽ മഹാരാഷ്ട്രയിലാണ് (1.18) ഏറ്റവും കൂടുതൽ. കർണാടക, പഞ്ചാബ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതിയും ആശങ്ക സൃഷ്ടിക്കുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...