വൈക്കത്ത് കൊയ്ത് ആഴ്ചകള്‍ പിന്നിട്ടിട്ടും നെല്ല് സംഭരിക്കാന്‍ നടപടിയില്ല

paddy-protest-04
SHARE

വൈക്കം തലയാഴത്ത് കൊയ്ത് ആഴ്ചകള്‍ പിന്നിട്ടിട്ടും നെല്ല് സംഭരിക്കാന്‍ നടപടിയില്ല. പാഡി ഓഫിസറും മില്ലുടമകളും ചേര്‍ന്നുള്ള ഒത്തുകളിയാണ് നെല്ല് സംഭരണം വൈകിപ്പിക്കുന്നതെന്നാണ് ആരോപണം. പാടത്ത് പരിശോധനയ്ക്കെത്തിയ പാ‍ഡി ഓഫിസറെ കര്‍ഷകര്‍ തടഞ്ഞു.  

പാടത്ത് നെല്ല് പരിശോധിക്കാനെത്തിയ പാഡി ഓഫിസറെയാണ് കർഷകർ തടഞ്ഞ് വെച്ചത്.

അറന്നൂറ് ഏക്കറിലെ നെല്ലാണ് ഇരുപത് ദിവസത്തിലേറെയായി പാടത്ത് കൊയ്ത് കൂട്ടിയിട്ടിട്ടുള്ളത്. സമീപത്തെ ചില പാടശേഖരങ്ങളില്‍ നെല്ല് സംഭരണം ആരംഭിച്ചെങ്കിലും മൂന്നാംവേലിക്കരി, വനംവടക്ക്, കാട്ടുകരി പാടശേഖരങ്ങളോടാണ് അവഗണന. ഈർപ്പത്തിന്‍റെയും പതിരിന്‍റെയും പേരില്‍ തൂക്കത്തില്‍ കിഴിവ് വരുത്താനുള്ള മില്ലുടമകളുടെ നീക്കമാണ് തര്‍ക്കങ്ങള്‍ക്ക് കാരണം. ഗുണനിലവാരമില്ലാത്തതിനാല്‍ ക്വിന്‍റലിന് പതിനഞ്ച് കിലോ വീതം തൂക്കം കുറയ്ക്കണമെന്നാണ് മില്ലുടമകളുടെ നിലപാട്. സാധാരണ അഞ്ച് കിലോ വരെയാണ് വെട്ടിക്കുറയ്ക്കാറുള്ളത്. മില്ലുടമകളുടെ ചൂഷണത്തിന് പാഡി ഓഫിസര്‍ ഉള്‍പ്പെടെ കൂട്ടുനില്‍ക്കുന്നു എന്നാണ് കര്‍ഷകരുടെ പരാതി.

തർക്കത്തിൽപ്പെട്ട് പാടങ്ങളിൽ ആഴ്ചകളോളം കെട്ടികിടക്കുന്ന നെല്ല് ദിവസേന ഉണക്കി സൂക്ഷിക്കാൻ രണ്ടായിരം രൂപയിലേറെയാണ് ചെലവ്.  കടംവാങ്ങിയും മറ്റുമാണ് കര്‍ഷകര്‍ വിളവെടുപ്പ് പോലും നടത്തിയത്. ഗുണനിലവാര പരിശോധനയ്ക്ക് ശേഷം സംഭരണം ഉടന്‍ ആരംഭിക്കുമെന്നാണ് പാഡി ഓഫിസര്‍ എസ്. സന്തോഷ്കുമാറിന്‍റെ വിശദീകരണം. നിലവിൽ ക്വിന്‍റലിന് അഞ്ച് കിലോ വരെ കിഴിവ് വരുത്തിയാണ് സമീപ പാടശേഖരങ്ങളില്‍ സംഭരണം. 

MORE IN KERALA
SHOW MORE
Loading...
Loading...