കോണ്‍ഗ്രസില്‍ ഡല്‍ഹി ദൗത്യം; എല്ലാ കണ്ണും ഉമ്മന്‍ചാണ്ടിയില്‍

Oommen-Chandy-election-1701
SHARE

നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ക്കായി കേരള നേതാക്കള്‍  ഡല്‍ഹിയില്‍  എത്തുമ്പോള്‍ എല്ലാ കണ്ണുകളിലും ഉമ്മന്‍ചാണ്ടിയിലാണ്. ഉമ്മന്‍ചാണ്ടി നേതൃനിരയിലേക്ക് വരുമോ? ഫെബ്രുവരിയില്‍ ആരംഭിക്കുന്ന കേരളയാത്ര നയിക്കാന്‍ രമേശ് ചെന്നിത്തലയ്ക്കൊപ്പം മുഴുവന്‍സമയവും ഉമ്മന്‍ചാണ്ടി ഉണ്ടാകുമോ? നേതൃത്വം ഏറ്റെടുക്കാന്‍ തയാറായാല്‍ ഉമ്മന്‍ചാണ്ടി മുന്നോട്ടുവയ്ക്കുന്ന ഉപാധികള്‍ എന്തെല്ലാമായിരിക്കും? എല്ലാറ്റിനും ഉത്തരം ഡല്‍ഹി ചര്‍ച്ചകളില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകരും കേരളത്തിലെ പാർട്ടിയും.         

തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയാണ് ഉമ്മന്‍ചാണ്ടി നേതൃത്വത്തിലേക്ക് വരണമെന്ന മുറവിളി പാര്‍ട്ടിയിലും മുന്നണിയിലും ശക്തമാക്കിയത്. നഷ്ടപ്പെട്ട ന്യൂനപക്ഷ വോട്ടുകള്‍ വീണ്ടെടുക്കണമെങ്കില്‍ പദവി ഏറ്റെടുത്ത്  ഉമ്മന്‍ചാണ്ടി നേതൃത്വത്തിലേക്ക് വരണമെന്ന്  നേതാക്കളും ഘടകകക്ഷികളും ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി ഇനിയും പൂര്‍ണമായും മനസ് തുറന്നിട്ടില്ല. പദവികളൊന്നും വേണ്ടെന്നും തിരഞ്ഞെടുപ്പ് വിജയത്തിനായി പ്രവര്‍ത്തിച്ചോളാമെന്നുമാണ് കേന്ദ്ര നേതാക്കളോട്  ഉമ്മന്‍ചാണ്ടി പറഞ്ഞത്. സോണിയഗാന്ധിമായുള്ള ചര്‍ച്ചയില്‍ ഉമ്മന്‍ചാണ്ടിയുടെ മനസ് മാറുമെന്നാണ്  പ്രതീക്ഷ. മാറിയാല്‍ ഉമ്മന്‍ചാണ്ടി  പ്രചാരണസമിതി അധ്യക്ഷനോ യു.ഡി.എഫ് ചെയര്‍മാനോ ആയേക്കാം. കേരളയാത്രയില്‍ ഉമ്മന്‍ചാണ്ടിയുടെ മുഴുവന്‍ സമയ സാന്നിധ്യവും പ്രതീക്ഷിക്കാം. എന്നാല്‍ ഉപാധികളൊന്നും വയ്ക്കാതെ ഉമ്മന്‍ചാണ്ടി നേതൃത്വം ഏറ്റെടുക്കുമോയെന്ന സംശയവും ചിലര്‍ക്കുണ്ട്. തല്‍ക്കാലം ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒന്നിച്ച് നയിക്കട്ടെ, മുഖ്യമന്ത്രിയാരെന്ന് പിന്നെ തീരുമാനിക്കാമെന്നതാണ് കേന്ദ്ര നേതൃത്വത്തിന്റ നിലപാട്. എങ്കിലും അധികാരത്തിലെത്തി മുഖ്യമന്ത്രി സ്ഥാനം പങ്കിടാന്‍ തീരുമാനിച്ചാല്‍ ആദ്യം ടേം കിട്ടണമെന്നാണ്  ഉമ്മന്‍ചാണ്ടിയെ അനുകൂലിക്കുന്നവരുടെ വാദം. 

ഉമ്മന്‍ചാണ്ടിക്കൊപ്പം രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും നാളത്തെ യോഗത്തില്‍ പങ്കെടുക്കും. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഇത്രനാളും  പ്രതിപക്ഷത്തെ നയിച്ച ചെന്നിത്തലയും തന്റെ നിലപാടും ആവശ്യങ്ങളും നേതൃത്വത്തിന്റ മുമ്പില്‍ വയ്ക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പതിവ് വീതംവയ്പ് അവസാനിപ്പിക്കണമെന്ന ശക്തമായ നിര്‍ദേശം കേന്ദ്രനേതാക്കള്‍ മുന്നോട്ടുവയ്ക്കും. തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി ഘടകങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളും നിര്‍ദേശിക്കും. സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഹൈക്കമാന്‍ഡിന്റ നിയന്ത്രണത്തിലായിരിക്കുമെന്നതിന്റ സൂചന കൂടിയാണ് ഡല്‍ഹി ചര്‍ച്ച.

MORE IN KERALA
SHOW MORE
Loading...
Loading...