ലൈസൻസില്ലാതെ കേക്ക് വിറ്റാൽ 5 ലക്ഷം പിഴ; ആറുമാസം തടവ്; പിടിവീഴും

cake-23
SHARE

കോവിഡ് വന്ന് ലോക്ഡൗൺ ആയതോടെ വലിയ പ്രചാരം ലഭിച്ച തൊഴിലാണ് ഹോം ബേക്കിങ്.  ജോലി നഷ്ടമായവരും വിദേശത്തുനിന്നു വന്നവരും വീടുകളിൽ കേക്കും ഭക്ഷ്യവസ്തുക്കളും നിർമിക്കാൻ തുടങ്ങി. ലൈസൻസും രജിസ്ട്രേഷനുമില്ലാതെ കേക്കും മറ്റ് ഭക്ഷ്യവസ്തുക്കളുമുണ്ടാക്കി വിൽക്കരുതെന്ന് കർശന നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് സർക്കാർ.

2020 മാർച്ചിനുശേഷം 2300 റജിസ്ട്രേഷനാണ് നടന്നത്. എന്നാൽ, ഇപ്പോഴും ലൈസൻസും റജിസ്ട്രേഷനുമില്ലാതെ പ്രവർത്തിക്കുന്ന നിരവധി യൂണിറ്റുകളുണ്ട്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഴ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശങ്ങളനുസരിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഇത്തരം ഭക്ഷ്യയൂണിറ്റുകൾക്ക് അനുമതി നൽകുന്നത്.

ലൈസൻസും രജിസ്ട്രേഷനുമില്ലാതെ വിൽപ്പന നടത്തിയാൽ  5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും ശിക്ഷ നൽകാമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം 2011 ലാണ് നിലവിൽ വന്നത്. 12 ലക്ഷം രൂപയ്ക്കു മുകളിൽ കച്ചവടം ഉണ്ടെങ്കിൽ ലൈസന്‍സ് നിർബന്ധമാണ്. അതിനുതാഴെയാണെങ്കിൽ റജിസ്ട്രേഷൻ നടത്തണം.

അക്ഷയകേന്ദ്രം വഴി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഴ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സൈറ്റിൽ റജിസ്റ്റർ ചെയ്യാം. നടപടിക്രമങ്ങള്‍ എളുപ്പമാണ്. ഫോട്ടോ ഐഡി, ഫോട്ടോ തുടങ്ങിയവ അപ്‌ലോഡ് ചെയ്തു റജിസ്ട്രേഷൻ പൂർത്തിയാക്കാം.

ഉപയോഗിക്കുന്ന വെള്ളത്തിന്റെയും സാധനങ്ങളുടെയും ഗുണമേന്മ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം നിർമാതാവിനാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ജില്ലാ ഓഫിസിൽനിന്നാണ് ലൈസൻസും റജിസ്ട്രേഷനും നൽകുന്നത്. വീഴ്ച വരുത്തിയതായി വിവരം ലഭിച്ചാൽ ബന്ധപ്പെട്ട മേഖലയിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി പിഴ ഈടാക്കും.

MORE IN KERALA
SHOW MORE
Loading...
Loading...