എസ്.എഫ്.ഐ. മുട്ടുമടക്കി; കേരളവര്‍മയില്‍ പ്രിന്‍സിപ്പല്‍ ജയിച്ചു; രാജി പിന്‍വലിച്ചു

kerala-varma-college-principal
SHARE

തൃശൂര്‍ കേരളവര്‍മ കോളജ് പ്രിന്‍സിപ്പല്‍ എ.പി.ജയദേവന്‍ പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിയുകയാണെന്ന് കാട്ടി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കത്തു കൊടുത്തിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ ഒഴിയുകയാണെന്നായിരുന്നു കത്തില്‍. തികഞ്ഞ ഇടതുപക്ഷ അനുഭാവി. ഇടത് അധ്യാപക സംഘടനയിലെ സജീവ അംഗം. മാനദണ്ഡങ്ങള്‍ ലംഘിച്ച് വിദ്യാര്‍ഥിയെ പ്രവേശിപ്പിക്കാന്‍ എസ്.എഫ്.ഐ. സമ്മര്‍ദ്ദം ചെലുത്തി. കേരളവര്‍മ ക്യാംപസില്‍ എസ്.എഫ്.ഐയ്ക്കു മേധാവിത്തമുള്ള ഇടമാണ്. കോളജിലെ അധ്യാപകരിലും നല്ലൊരു ശതമാനം ഇടതു സഹയാത്രികരും. 

എ.പി.ജയദേവന്‍ പ്രിന്‍സിപ്പലായി ചുമതലയേറ്റ ശേഷം കേരളവര്‍മ ക്യാംപസില്‍ കുറച്ചുക്കൂടെ കാര്യങ്ങള്‍ അച്ചടക്കത്തിലാക്കിയിരുന്നു. നവാഗതരെ വരവേല്‍ക്കാന്‍ എസ്.എഫ്.ഐ. സ്ഥാപിച്ച ബോര്‍ഡില്‍ അയ്യപ്പ സ്വാമിയെ അവഹേളിച്ചെന്ന് വ്യക്തമായതോടെ ആ ബോര്‍ഡുകള്‍ പ്രിന്‍സിപ്പല്‍ നീക്കി. ഒരു സംഘടനകളും ബോര്‍ഡ് വയ്ക്കേണ്ടെന്ന് നിലപാട് എടുത്തു. എസ്.എഫ്.ഐയ്ക്കു മേധാവിത്തമുള്ള ക്യാംപസില്‍ പ്രിന്‍സിപ്പലിന്‍റെ നടപടി തിരിച്ചടിയായി. ഇതിനിടെയാണ്, വിദ്യാര്‍ഥിയുടെ പ്രവേശനത്തെ ചൊല്ലി എസ്.എഫ്.ഐയും പ്രിന്‍സിപ്പലും നേര്‍ക്കുനേര്‍ ആയത്. പ്രിന്‍സിപ്പലിനെ ഏറെ നേരം തടഞ്ഞുവച്ചു. രാത്രീ വീട്ടില്‍ പോകാന്‍ സൗകര്യം ചെയ്യാന്‍ പൊലീസിനോട് അഭ്യര്‍ഥിച്ചിട്ടും കിട്ടിയില്ല. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളാകട്ടെ എസ്.എഫ്.ഐക്കാരെ തൃപ്തിപ്പെടുത്താന്‍ അവര്‍ക്കനുകൂലമായ നിലപാട് എടുത്തു. 

സി.പി.എമ്മിന്‍റെ പിന്തുണ ലഭിക്കുമെന്നായിരുന്നു ബോര്‍ഡ് അംഗങ്ങളുടെ പ്രതീക്ഷ. പക്ഷേ, കേരളവര്‍മ കോളജില്‍ സമീപകാലത്ത് എസ്.എഫ്.ഐ ഉള്‍പ്പെട്ട വിവാദങ്ങളില്‍ സി.പി.എമ്മിന് അതൃപ്തിയായിരുന്നു. പ്രത്യേകിച്ച്, അയ്യപ്പ സ്വാമിയെ അവഹേളിച്ച് ബോര്‍ഡുകള്‍ സ്ഥാപിച്ച സംഭവം. ക്യാംപസില്‍ അച്ചടക്കത്തിന് പ്രാധാന്യം വേണമെന്ന് സി.പി.എം നേതാക്കള്‍ നിലപാടെടുത്തു. അധ്യാപകരോടുള്ള എസ്.എഫ്.ഐയുടെ അതിരുവിട്ട പെരുമാറ്റം തൃശൂരിലെ സി.പി.എം. നേതാക്കള്‍ക്ക് ബോധ്യപ്പെട്ടു. അങ്ങനെയാണ്, കേരളവര്‍മ കോളജിലെ എസ്.എഫ്.ഐ. നേതൃത്വത്തെ പാര്‍ട്ടി കയ്യൊഴിഞ്ഞത്. ഇതോടെ, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളും നിലപാട് മയപ്പെടുത്തി. 

പ്രിന്‍സിപ്പലിനെ വിളിച്ചുവരുത്തി. രാജി പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിച്ചു. ഇതിനു പുറമെ, സര്‍ക്കാര്‍തലത്തിലും പ്രിന്‍സിപ്പലിനോട് തുടരാന്‍ ഉന്നത കേന്ദ്രങ്ങളില്‍ നിന്ന് വിളിയെത്തി. ദേവസ്വം മന്ത്രിയുടെ ഓഫിസും ഇടപ്പെട്ടു. പ്രിന്‍സിപ്പലിന്റെ ഭാഗത്തു ന്യായമുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. അതേസമയം, എസ്.എഫ്.ഐ. നേതാക്കളെക്കൊണ്ട് പ്രിന്‍സിപ്പലിനെതിരെ സമരം ചെയ്യിച്ചത് കോളജിലെ തന്നെ ചില അധ്യാപകരുടെ പിന്തുണയോടെയാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇക്കാര്യം പ്രിന്‍സിപ്പലിനും ബോധ്യപ്പെട്ടിട്ടുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...