തൃശൂരില്‍ ‘വാട’ പണി തുടങ്ങി; ഓപ്പറേഷന്‍ ‘കല്യാണ ചെക്കന്‍’; പൊലീസിന്‍റെ വേട്ട ഇങ്ങനെ

tsr-vada-police
SHARE

നല്ല െവള്ള മുണ്ടും ഷര്‍ട്ടുമാണ് വേഷം. കൂളിങ് ഗ്ലാസുണ്ട്. സുന്ദരന്‍. ഒറ്റനോട്ടത്തില്‍ അറിയാം കല്യാണ ചെക്കനാെണന്ന്. ഈ കല്യാണ ചെക്കന്‍റെ ആവശ്യം ഇരുപതു ലിറ്റര്‍ ചാരായമാണ്. കല്യാണത്തലേന്ന് പാര്‍ട്ടി നടത്താന്‍. മുന്തിയ സ്കോച്ചിനല്ല ഇപ്പോള്‍ ഡിമാന്‍ഡ്. വാറ്റു ചാരായമുണ്ടോയെന്നാണ് ബാച്ചിലര്‍ പാര്‍ട്ടിയില്‍ ഉയരുന്ന ചോദ്യം. സുഹൃത്തുക്കളെ സന്തോഷിപ്പിക്കാന്‍ ചാരായം വേണം. ആദ്യ വരവില്‍ ചാരായ സംഘം അഞ്ചു ലിറ്റര്‍ വച്ചുനീട്ടി. ചുരുങ്ങിയത് ഇരുപതു ലിറ്റര്‍ ഇല്ലെങ്കില്‍ വേണ്ട. മാത്രവുമല്ല, പൊലീസ് പിടിക്കപ്പെടുമോയെന്ന് കല്യാണ ചെക്കന് ഭയം. ഒരാഴ്ച കഴിഞ്ഞു വരാനായി പറഞ്ഞു. അങ്ങനെ, വീണ്ടും കല്യാണ ചെക്കന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചാരായം വാങ്ങാന്‍ ചെന്നു. ഇരുപതു ലിറ്റര്‍ ചാരായം കൈമാറി. സംഘം പണം ചോദിച്ചു. പണത്തിനു പകരം കീശയില്‍ നിന്ന് എടുത്തത് കേരള പൊലീസിന്‍റെ ഐഡന്റിറ്റി കാര്‍ഡ്. പുതിയ ലഹരിവിരുദ്ധ സ്ക്വാഡായ ‘ഡെന്‍സാഫ്’ ഒരുക്കിയ ഓപ്പറേഷന്‍ കല്യാണ ചെക്കന്‍ അങ്ങനെ വിജയം കണ്ടു. രണ്ടു പ്രതികളെ കയ്യോടെ പിടികൂടി. കൊടുങ്ങല്ലൂരിലും വലപ്പാടുമായി സമാനമായ ഓപ്പറേഷനില്‍ കുടുക്കിയത് ഏഴു കിലോ കഞ്ചാവായിരുന്നു. 

എന്താണ് ഈ ‘വാട’

War against drug and alcohol. ഇതിന്റെ ചുരുക്ക പേരാണ് വാട. ലഹരി വില്‍പന വ്യാപകമായതോടെ പ്രതിരോധിക്കാന്‍ കേരള പൊലീസ് രൂപം കൊടുത്ത സംഘമാണ് ‘കെന്‍സാഫ്’. കേരള ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സ്. ഇതു സംസ്ഥാനത്തിലുള്ള സംഘം. ജില്ലാ തലത്തിലേയ്ക്കു വരുമ്പോള്‍ ഈ സംഘത്തിന്റെ പേര് ‘ഡെന്‍സാഫ്’. ഡിസ്ട്രിക്ട് ആന്റി നാര്‍ട്ടോകിസ് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സ്. തൃശൂരില്‍ ഡെന്‍സാഫ് രൂപം കൊടുത്ത പ്രൊജ്ക്ടിന്‍റെ പേരാണ് ‘വാട’.

എന്താണ് പ്രത്യേകതകള്‍

സാധാരണ പൊലീസുകാരെ കാണുമ്പോള്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നത് അവരുടെ ഹെയര്‍ സ്റ്റൈലാണ്. ചെവിയ്ക്കു മീതെ മുടി തീരെയുണ്ടാകില്ല. പിന്നെ, ശരീരഭാഷയും. ലഹരിവിരുദ്ധ സ്ക്വാഡിലേക്ക് ആളെ തിരഞ്ഞെടുത്തപ്പോള്‍ തൃശൂര്‍ റൂറല്‍ പൊലീസിലെ മേലുദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിച്ചു. ഒറ്റനോട്ടത്തില്‍ പൊലീസാണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത ചെറുപ്പക്കാരെ അംഗങ്ങളാക്കി. അവര്‍, ബുള്‍ഗാന്‍ താടിവച്ചു. ചിലര്‍, മുടി നീട്ടിവളര്‍ത്തി യോയൊ ചമഞ്ഞു. കഞ്ചാവു കച്ചവടക്കാരുമായി ഡീല്‍ ഉറപ്പിക്കുമ്പോള്‍ എളുപ്പം ഇത്തരം ‘യോയൊ’ പെരുമാറ്റമുള്ളവരാണ്. ഇതുവരെ നടത്തിയ അഞ്ചു ‘വാട’ ഓപ്പറേഷനുകളും വിജയം കണ്ടതിന്റെ പിന്നില്‍ ഈ യോയൊ പൊലീസ് സംഘത്തിന്റെ ശൈലിയാണ്. സംഘാംഗങ്ങളുടെ ചിത്രങ്ങള്‍ പുറത്തു വരാതിരിക്കാന്‍ പ്രത്യേകം പൊലീസ് ശ്രദ്ധിക്കുന്നുമുണ്ട്. കാരണം. ലഹരി വില്‍പന സംഘങ്ങള്‍ ഇവരെ തിരിച്ചറിയാതിരിക്കാന്‍.

നയിക്കുന്നവര്‍

തൃശൂര്‍ റൂറല്‍ എസ്.പി: കെ.പി.വിജയകുമാര്‍, സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി: എം.പി.മോഹനചന്ദ്രന്‍, ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി: ഫ്രാന്‍സിസ് ഷെല്‍ബി, എസ്.ഐ: മുഹമ്മദ് റാഫി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഈ സ്ക്വാഡിനു പിന്നില്‍. ലഹരി വില്‍പനക്കാരെ മാത്രമല്ല, ലഹരിയുടെ മറവില്‍ ഗുണ്ടായിസം കാട്ടുന്നവരും ഈ സ്ക്വാഡിന്റെ കണ്ണില്‍ കരടാണ്. ലഹരിവിരുദ്ധ വേട്ടയ്ക്കിടെ അഞ്ചംഗ ഗുണ്ടാസംഘത്തേയും ‘വാട’ സ്ക്വാഡ് പിടികൂടിയിരുന്നു.

MORE IN KERALA
SHOW MORE