സിപിഎം സംസ്ഥാന സമ്മേളനത്തിന് 22ന് തുടക്കം; ശ്രദ്ധാകേന്ദ്രമാകുക വിഎസ്

vs-achuthanandan
SHARE

ആലപ്പുഴയിൽ നിന്നും തൃശൂരിലേക്കെത്തുമ്പോഴും വി.എസ്.അച്യുതാനന്ദൻ തന്നെയായിരിക്കും സി.പി.എം സംസ്ഥാനസമ്മേളനത്തിന്റെ ശ്രദ്ധാകേന്ദ്രം. ആലപ്പുഴ സമ്മേളനത്തെ മുൾമുനയിൽ നിർത്തിയ ഇറങ്ങിപ്പോക്കിനുശേഷം പാർട്ടിയിലെ ഒറ്റപ്പെടുത്തലും പ്രായവും വി.എസിനെ തളർത്തിയിരിക്കുന്നു. എങ്കിലും, സംസ്ഥാനഘടകത്തിന്റേതിനു വിരുദ്ധമായി യെച്ചൂരിപക്ഷത്താണ് അദ്ദേഹം നിലയുറപ്പിച്ചിരിക്കുന്നത്.

പതിനാല് ജില്ലാസമ്മേളനങ്ങളിൽ തിരുവനന്തപുരത്തെ സമാപനസമ്മേളനത്തിൽ മാത്രമായിരുന്നു വി.എസിന്റെ സാന്നിധ്യം. ആലപ്പുഴ ജില്ലാസമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറിലും മുഖം കാണിക്കാനായി. വയലാറിൽ നിന്നും തിങ്കളാഴ്ച ആരംഭിക്കുന്ന കൊടിമരജാഥ ഉദ്ഘാടനം ചെയ്യുന്നതും വി.എസാണ്. ഏറ്റവും പ്രായംകൂടിയ പ്രതിനിധി എന്ന നിലയിൽ തൃശൂരിൽ നടക്കുന്ന സംസ്ഥാനസമ്മേളനത്തിൽ പതാക ഉയർത്തുന്നതും അദ്ദേഹമായിരിക്കും. കോൺഗ്രസ് ബന്ധമടക്കമുള്ള വിഷയങ്ങളിൽ യെച്ചൂരിയുടെ നിലപാടിനെ പിന്തുണക്കുന്ന അദ്ദേഹത്തെ സംശയത്തോടെ തന്നെയാണ് സംസ്ഥാന നേതൃത്വം കാണുന്നത്. ജില്ലാസമ്മേളനങ്ങളുടെ പൊതുയോഗങ്ങളിൽ നിന്നുപോലും വി.എസ് അകറ്റിനിർത്തപ്പെട്ടതിന്റെ കാരണം മറ്റൊന്നുമല്ല. ആലപ്പുഴ സമ്മേളനത്തിനു തൊട്ടുമുൻപാണ് സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ, വാർത്താസമ്മേളനത്തിൽ വി.എസിനെതിരായ കുറ്റപത്രം വായിച്ചത്. ഇതിന്റെ തുടർച്ചയായിരുന്നു അദ്ദേഹത്തിന്റെ ഇറങ്ങിപ്പോക്ക്. 

പിണറായി മുഖ്യമന്ത്രിയായതോടെ വി.എസ് മുഖ്യധാരയിൽ നിന്നും മാറി. ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനാക്കാൻ മുതൽ ഓഫീസും സ്റ്റാഫും അനുവദിക്കാൻ വരെ അദ്ദേഹത്തിന് ഏറെ കാത്തുനിൽക്കേണ്ടി വന്നു. എങ്കിലും തോമസ് ചാണ്ടിക്കെതിരെ ആരോപണമുയർന്നതുപോലെയുള്ള സന്ദർഭങ്ങളിൽ അദ്ദേഹം സ്വന്തം നിലപാട് പറഞ്ഞു. പാർട്ടിക്ക് കൂടുതൽ വിധേയനായെന്ന് ആരാധകർ പിറുപിറുക്കുമ്പോഴും, തൃശൂരിലും വി.എസ് നിലപാട് ഏറെ നിർണായകമാകും.

MORE IN KERALA
SHOW MORE