കെഎസ്ആർടിസി; ഇനി പ്രതീക്ഷ എൽഐസിയിൽ

Thumb Image
SHARE

കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍ പ്രതിസന്ധിക്ക് എല്‍.െഎ.സിയുടെ സഹായം തേടാന്‍ സര്‍ക്കാര്‍ ശ്രമം. പെന്‍ഷന്‍ പൂര്‍ണമായും ഏറ്റെടുക്കുന്ന തരത്തില്‍ നാലുവര്‍ഷം മുമ്പ് എല്‍.െഎ.സി മുന്നോട്ടുവച്ച പാക്കേജ് വീണ്ടും നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. യൂണിയനുകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് നേരത്തെ ഇത് നടപ്പാകാതെ പോയത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റ അടിസ്ഥാനത്തില്‍ ഗതാഗത സെക്രട്ടറി ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കി. 

2014 ല്‍ എല്‍.െഎ.സി മുന്നോട്ടുവച്ച നിര്‍ദേശം ഇങ്ങനെ. ആദ്യം 500 കോടി രൂപ എല്‍.െഎ.സിക്ക് നല്‍കുക. പിന്നീട് മാസം തോറും 40 കോടിരൂപ വീത‌ം നല്‍കണം. ഇതില്‍ നിന്ന് മാസംതോറും 37.5 കോടി രൂപ കെ.എസ്.ആര്‍.ടി.സിക്ക് പെന്‍ഷനായി നല്‍കും. 12വര്‍ഷം കൊണ്ട് നിക്ഷേപതുക 5500 കോടി രൂപ ആകുന്നതോടെ പെന്‍ഷന്‍ പൂര്‍ണമായും എല്‍.െഎ.സി ഏറ്റെടുക്കും. പെന്‍ഷന് അര്‍ഹതയുള്ള അവസാനത്തെയാളും മരിക്കും വരെ സര്‍ക്കാരോ കെ.എസ്.ആര്‍.ടി.സിയോ ഫണ്ട് കണ്ടെത്തേണ്ടിവരില്ല. എല്‍.െഎ.സിയുമായി ഇത് സംബന്ധിച്ച് ഏകദേശ ധാരണയിലെത്തുകയും അധികതുക കണ്ടെത്താനായി ടിക്കറ്റിന്‍മേല്‍ ഒരു രൂപ മുതല്‍ അഞ്ചുരൂപവരെ ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നടന്നില്ല. ഇതിന്റ സാധ്യത വീണ്ടും ആരായാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 2014 ല്‍ 37.5 കോടി രൂപയായിരുന്നു ഒരുമാസത്തെ പെന്‍ഷന് വേണ്ടതെങ്കില്‍ ഇപ്പോള്‍ അറുപത് കോടി രൂപ വേണം. അതുകൊണ്ടുതന്നെ എല്‍.െഎ.സി നിക്ഷേപമായി ആവശ്യപ്പെടുന്ന തുക വര്‍ധിക്കും. പെന്‍ഷന്‍കാരുടെ എണ്ണം ഭാവിയില്‍ കൂടുമെന്നതിനാല്‍ പെന്‍ഷന്‍ കെ.എസ്.ആര്‍.ടി.സിക്ക് ബാധ്യത തന്നെയാണ്. സര്‍ക്കാരിനിത് ഏറ്റെടുക്കാനുമാവില്ല. ഈ സാഹചര്യത്തിലാണ് ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള മാര്‍ഗം തേടുന്നത്. 

MORE IN KERALA
SHOW MORE