തൊണ്ടയില്‍ തറച്ച ആ മീന്‍മുള്ള് അവിടെക്കിടക്കട്ടെ..!

reema-story
SHARE

ഒരു മീന്‍മുള്ള് തൊണ്ടയില്‍ തറച്ചതായി തോന്നുന്നുണ്ടോ? റിമ കല്ലിങ്കലിെന കളിയാക്കിയിട്ടും കൂക്കിവിളിച്ചിട്ടും ആ ‍മുള്ള് തൊണ്ടയില്‍ നിന്നിറങ്ങുന്നേയില്ലെന്നു തോന്നുന്നുണ്ടോ? ഉണ്ടെങ്കില്‍ മനസിലാക്കാം, തൊണ്ടയില്‍ കുടുങ്ങിയത് മുള്ളല്ല, റിമയുയര്‍ത്തിയ ചോദ്യമാണ്. റിമ കല്ലിങ്കല്‍ പറഞ്ഞത് കൊള്ളേണ്ടിടത്തെല്ലാം കൊണ്ടുവെന്നുറപ്പിക്കുന്നതാണ് പിന്നീടുണ്ടായ കോലാഹലങ്ങള്‍. ഒരു മീന്‍ കഷണത്തിനു വേണ്ടി ഫെമിനിസ്റ്റായവള്‍ എന്നതില്‍ തുടങ്ങിയ ആക്ഷേപം. വ്യാഖ്യാനങ്ങളും പുനര്‍വ്യാഖ്യാനങ്ങളും കടന്ന് ഫെമിനിസം എന്ന വാക്കിനോടുള്ള മുഴുവന്‍ പുച്ഛവും പ്രകടമാകുന്ന അധിക്ഷേപങ്ങളിലെത്തിനില്‍ക്കുന്നു. പ്രശ്നം എന്തിനോടാണെന്ന്, പേടി എവിടെയാണെന്ന് പരക്കെ വിളിച്ചു പറയുന്ന പ്രകടനങ്ങള്‍ നിരന്നു നിന്നു സമൂഹമാധ്യമങ്ങളില്‍. 

ഒരു പൊരിച്ച മീന്‍ മതി, ലിംഗനീതിയെക്കുറിച്ചുള്ള പൊള്ളുന്ന ചോദ്യങ്ങളെറിയാന്‍. അതു തന്നെ ധാരാളമാണ്. കേള്‍ക്കുന്ന ആളുകള്‍ക്ക് അതു മനസിലാക്കാനുളള ശേഷിയാണ് പ്രശ്നം. ‌മലയാളിയുടെ അടുക്കളയിലും ഊണുമേശയിലും മാത്രമല്ല, തുല്യതയുണ്ടെന്ന് നിങ്ങള്‍ക്കവകാശപ്പെടാന്‍ കഴിയുന്ന ഒരു മേഖല ചൂണ്ടിക്കാണിക്കൂ. നമ്മുടെ ഭരണാധികാരികളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം എത്രയാണ്·? രാഷ്ട്രീയ നേതാക്കളില്‍? നഴ്സിങ്, അധ്യാപനം പോലുള്ള അപൂര്‍വം തൊഴില്‍ മേഖലകളിലൊഴികെ എന്തു പ്രാതിനിധ്യമുണ്ട്? നേതൃതലത്തില്‍ മരുന്നിനു പോലും സ്ത്രീകള്‍ തീരുമാനങ്ങളെടുക്കുന്ന പദവികള്‍ എത്രയുണ്ട്? മറുപടി ഇടറും. തുടങ്ങുന്നത് വീടിനകത്തു തന്നെയാണ്. ആ വിവേചനത്തിന്റെ ഇരയും ആ വിവേചനം പാചകം ചെയ്തെടുക്കുന്നതും സ്ത്രീ തന്നെയാകുന്നതും വ്യവസ്ഥയുടെ ക്രൂരമായ ഒരു ഫലിതവും.  

മാറ്റം കാണാത്തവര്‍ കൂക്കിവിളി തുടരട്ടെ

സിനിമയില്‍ തുല്യവേതനം നല്‍കാത്തതിനെ ചോദ്യം ചെയ്യുന്നത ്‍ പരിഹസിക്കുന്നവരുടെ ന്യായം നോക്കൂ. റിമയ്ക്കും സഹതാരങ്ങള്‍ക്കും ഒരേ ആരാധകരുണ്ടോ? ഒരേ മാര്‍ക്കറ്റുണ്ടോ? എത്ര ലളിതമായ ചോദ്യമാണത്. എങ്ങനെയാണ് റിമയ്ക്കും സഹപുരുഷതാരങ്ങള്‍ക്കും ഒരേ മാര്‍ക്കറ്റില്ലാതെ പോയത്.കാരണം സിനിമയില്‍ നായകനെ കാണാനാണ് കാണികളെത്തുന്നതെന്നു ന്യായം. സ്ത്രീകേന്ദ്രീകൃതകഥകള്‍ കാണാന്‍ ആളുകള്‍ക്കു താല്‍പര്യമില്ല. ആരാണ് കാണികള്‍. ഭൂരിഭാഗവും പുരുഷന്‍മാര്‍. എന്തുകൊണ്ടാണ് സിനിമാതിയറ്ററിലെ ജനക്കൂട്ടത്തില്‍ ഭൂരിഭാഗവും ആണുങ്ങളാകുന്നത്. സ്ത്രീകള്‍ക്ക് സിനിമ കാണാന്‍ ഇഷ്ടമല്ലേ. ഇഷ്ടമാണ്. പക്ഷേ വീട്ടകങ്ങളിലെ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി തീര്‍ത്തു വേണം ഇഷ്ടങ്ങളിലേക്ക് നേരമെത്തിക്കാന്‍. സമൂഹത്തില്‍ പാതി സ്ത്രീകളാണെന്നത് സത്യം. തിയറ്ററിലും പപ്പാതി സ്ത്രീകളെത്തിയാലോ? അങ്ങനെ ആയിത്തുടങ്ങിയ തിയറ്ററുകളെ കണ്ട് സ്ത്രീപക്ഷരാഷ്ട്രീയം പറയുന്ന സിനിമകള്‍ ഇറങ്ങുന്നത് നമ്മള്‍ കാണുന്നുണ്ടല്ലോ. മാറ്റം കാണാത്തവര്‍ കൂക്കിവിളി തുടരട്ടെ. ചോദ്യങ്ങളുന്നയിക്കുന്നവര്‍ അങ്ങനെയും മുന്നോട്ടു പോട്ടെ.  

സ്ത്രീയും പുരുഷനും ചൂഷണം ചെയ്യപ്പെടരുത്. തുല്യമായ ഉത്തരവാദിത്തം, തുല്യമായ അംഗീകാരം. എല്ലാ മനുഷ്യര്‍ക്കും എല്ലാ പരിഗണനകളും ഒരുപോലെ. അത്രമേല്‍ ലളിതമാണ് പ്രശ്നം, അത്രമേല്‍ സങ്കീര്‍ണവും. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ സ്ത്രീയെ പ്രാപ്തയാക്കാന്‍ ആദ്യം പൊട്ടിക്കേണ്ടത്, സ്ത്രീവിരുദ്ധതയുടെ ചങ്ങലപ്പാടുകള്‍ തന്നെയാണ്. അതിലേക്കു നയിക്കുന്ന ശബ്ദങ്ങളെങ്കിലും ഒന്നൊന്നായി മുഴങ്ങുമ്പോള്‍ തിരി‍ഞ്ഞു നിന്നു കല്ലെറിയാതിരിക്കാനെങ്കിലുമുള്ള സാമാന്യബോധം കൂവിയാര്‍ക്കുന്ന തലച്ചോറുകള്‍ക്കുണ്ടാകട്ടെ.  

ഞങ്ങള്‍ക്കു കിട്ടുന്നില്ലല്ലോ ഒരേ നീതിയെന്നൊരു സ്ത്രീപക്ഷ ചോദ്യമുയര്‍ന്നപ്പോള്‍ യുക്തിസഹമെന്നു തോന്നുന്ന ചില മറുചോദ്യങ്ങളുയര്‍ന്നു. ഉത്തരവാദിത്തങ്ങളുടെ ഭാരത്തിലും തുല്യനീതിയല്ലല്ലോ. കുടുംബഭാരം സ്ത്രീകളുടെ ചുമലിലല്ലല്ലോ. കുടുംബത്തിനായി ജീവിതം ഹോമിക്കേണ്ടി വരുന്ന ദുരവസ്ഥയില്ലല്ലോ സ്ത്രീക്ക്. വ്യവസ്ഥയങ്ങനെയാണെന്നും അതു തിരുത്തണമെന്നുമാണ് പറയുന്നതെന്ന് ഈ വാദക്കാര്‍ക്കും മനസിലാകുന്നില്ലെന്നത് ദയനീയമാണ്. ഉത്തരവാദിത്തം പകുത്തെടുക്കാമെന്നും, അതിനു തുല്യമായ അവകാശങ്ങള്‍ പങ്കുവയ്ക്കൂവെന്നുമാണ് അതു മാത്രമാണ് ഓരോ സ്ത്രീശബ്ദവും ആവശ്യപ്പെടുന്നത്. പ്രിവിലേജുകള്‍ക്ക് ഭാഗ്യമുണ്ടായവര്‍ എവിടെയും ആ ചോദ്യമുയര്‍ത്താന്‍ പോലും കാത്തുനില്‍ക്കുന്നില്ല. അവര്‍ മുന്നോട്ടു പോകുന്നുണ്ട്. അതിനു കഴിയാത്തവര്‍ക്കും വഴിയൊരുക്കണം. ഉത്തരവാദിത്തങ്ങളുടെ പേരിലുള്ള പരിതാപങ്ങളില്‍ പോലും വിട്ടുകൊടുക്കാന്‍ കഴിയാത്ത പ്രിവിലേജുകളുടെ അങ്കലാപ്പുണ്ട്. ഉത്തരവാദിത്തങ്ങളിലും അധികാരത്തിന്റെ സ്വാധീനമുണ്ട്. ഉപേക്ഷിക്കാന്‍ കഴിയാത്ത ആ അധികാരസ്വാധീനമാണ് ആക്രോശങ്ങളിലെയും അധിക്ഷേപങ്ങളിലെയും കാണാച്ചരട്.  

തെളിയുന്നത് പേടിതന്നെ

ആണിനു സ്വന്തമായിരുന്ന ഇടങ്ങളിലേക്ക് ഇടിച്ചു കയറുന്ന പെണ്ണിനെ പേടിയുണ്ടെന്നു തന്നെയാണ് മീന്‍കഷ്ണത്തിലും കൊതി തീരാത്ത പരിഹാസങ്ങള്‍ വിളിച്ചു പറയുന്നത്. പേടിയുണ്ട്.സംസാരിക്കുന്ന പെണ്ണിനെ, ചോദ്യം ചോദിക്കുന്ന പെണ്ണിനെ. എന്നെയിനി അടുക്കളയില്‍ ഒറ്റയ്ക്കിരുത്താമെന്നു കരുതേണ്ടെന്നു വിളിച്ചു പറയുന്ന പെണ്ണിനെ. തീരുമാനങ്ങള്‍ സ്വന്തമായെടുക്കുന്ന പെണ്ണിനെ. എല്ലാ പെണ്ണുങ്ങളും അങ്ങനെയായാല്‍, തുല്യതയെന്തെന്നു ശരിക്കും മനസിലാക്കിത്തുടങ്ങിയാല്‍, അത് അവകാശപ്പെട്ടു തുടങ്ങിയാല്‍ ഒലിച്ചു പോകുന്ന പ്രിവിലേജുകളോര്‍ത്താല്‍ ഈ വെപ്രാളങ്ങളോടു ക്ഷമിച്ചു കൊടുക്കണം. നഷ്ടപ്പെടുന്നത് ചില്ലറ അധികാരങ്ങളല്ലെന്നത് സമ്മതിച്ചുകൊടുക്കണം. കാലം മാറും, ലോകം മാറും, ഞങ്ങളും മാറേണ്ടിവരുമെന്ന ആ പേടി കൊണ്ടാര്‍പ്പു വിളിക്കുന്നവരോട് സഹതാപത്തോടെ വേണം നമ്മള്‍ പെരുമാറാന്‍. ലോകത്തിനൊത്ത വളര്‍ച്ച നേടാന്‍ ആ മനസുള്ളവര്‍ക്കു കരുത്തുണ്ടാകട്ടെയെന്ന് കാത്തിരിക്കാനും ക്ഷമ വേണം സ്ത്രീകള്‍ക്കും അവരെ മനസിലാക്കുന്ന പുരുഷന്‍മാര്‍ക്കും.  

ഒറ്റ ശബ്ദങ്ങള്‍ ഉറച്ചു പോയ കൂട്ടങ്ങളെ, ശീലങ്ങളെയാകെ അധികാരത്തെയാകെ പിടിച്ചു കുലുക്കുന്നത് കാണുന്നത് എന്തൊരു പ്രതീക്ഷയാണ്. ആ മീന്‍മുള്ള് തൊണ്ടയില്‍ കുടുങ്ങിയെങ്കില്‍ അവിടെയിരിക്കട്ടെ. അത് അവിടെത്തന്നെയിരിക്കേണ്ടതാണ്.

MORE IN KERALA
SHOW MORE