മുന്നണി വിപുലീകരണം; തീരുമാനം വരുന്ന യു.ഡി.എഫ് യോഗത്തിൽ

Thumb Image
SHARE

മുന്നണി വിപുലീകരണം സംബന്ധിച്ച് വ്യാഴാഴ്ച ചേരുന്ന യു.ഡി.എഫ് യോഗം നിര്‍ണായക തീരുമാനമെടുക്കും. ജെ.ഡി.യു മുന്നണി വിട്ട സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിനെ തിരികെ കൊണ്ടുവരാനുളള ശ്രമങ്ങള്‍ ആരംഭിച്ചേക്കും. ബുധനാഴ്ച ചേരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയും ഇക്കാര്യം ചര്‍ച്ച ചെയ്യും. 

ജെ.ഡി.യു മുന്നണി വിട്ടതോടെ യു.ഡി.എഫ് ദുര്‍ബലമാണ്. കോണ്‍ഗ്രസും മുസ്ലീം ലീഗും കഴിഞ്ഞാല്‍ നിയമസഭയില്‍ പ്രാതിനിധ്യം ഉള്ളത് ഒരു എം.എല്‍.എയുള്ള കേരള കോണ്‍ഗ്രസ് േജക്കബിന് മാത്രം. ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് വരാനിരിക്കെ മധ്യകേരളത്തില്‍ ശക്തിയുള്ള കേരള കോണ്‍ഗ്രസ് എമ്മിനെ ഒപ്പം കൂട്ടി മുന്നണി ശക്തിപ്പെടുത്തണമെന്ന അഭിപ്രായം യു.ഡി.എഫില്‍ ശക്തമാണ്. എന്നാല്‍ മുന്നണിയെ ഉപേക്ഷിച്ചുപോയ കെ.എം മാണി ആദ്യം അനുകൂല തീരുമാനം അറിയിക്കട്ടെയെന്ന നിലപാടില്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കള്‍ ഉറച്ചുനില്‍ക്കുകയാണ്. 

മാണിയെ ഒപ്പം കൂട്ടാന്‍ സി.പി.എം ശ്രമം തുടരുമ്പോള്‍ പിടിവാശി ഉപേക്ഷിച്ച് കോണ്‍ഗ്രസ് തന്നെ മുന്‍കൈയെടുക്കണമെന്നും ചിലര്‍ക്ക് അഭിപ്രായമുണ്ട്. അഥവാ എല്‍.ഡി.എഫിലേക്ക് പോയാല്‍ കേരള കോണ്‍ഗ്രസ് പിളരുമെന്നും യു.ഡി.ഫ് കണക്കുകൂട്ടുന്നു. യു.ഡി.എഫില്‍ ചേര്‍ന്നാലും ലോക്സഭ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് കോണ്‍ഗ്രസ് കാലുവാരുമെന്ന ഭയമാണ് കേരളകോണ്‍ഗ്രസിന്. അങ്ങനെയെങ്കില്‍ കോട്ടയത്തിന് പകരം മറ്റ് മണ്ഡലം തരാമെന്ന ഉപാധി യു.ഡി.എഫ് മുന്നോട്ടുവയ്ക്കും. വ്യാഴാഴ്ച ചേരുന്ന യു.ഡി.എഫ് യോഗമായിരിക്കും മാണിയുടെ കാര്യത്തിലെ നിലപാട് തീരുമാനിക്കുക. ബുധനാഴ്ച ചേരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയോഗവും നിലവിലെ രാഷ്ട്രീയസാഹചര്യം ചര്‍ച്ച ചെയ്യും. 

MORE IN KERALA
SHOW MORE