ബി. സന്ധ്യയെ മാറ്റിയത് മുഖ്യമന്ത്രി നേരിട്ടിടപെട്ട്

Thumb Image
SHARE

ദക്ഷിണമേഖല എ.ഡി.ജി.പി സ്ഥാനത്ത് നിന്ന് ബി. സന്ധ്യയെ മാറ്റിയത് മുഖ്യമന്ത്രി നേരിട്ടിടപെട്ട്. സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയതിന് ശേഷമാണ് അഴിച്ചുപണിക്ക് ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയത്. സന്ധ്യയുടെ മാറ്റത്തോടെ നടിയെ ആക്രമിച്ച കേസില്‍ ആര് മേല്‍നോട്ടം വഹിക്കുമെന്നതില്‍ അവ്യക്തതയായി. 

പിറണായി മന്ത്രിസഭയുടെ ആദ്യയോഗത്തില്‍ തന്നെ ജിഷാ വധക്കേസിന്റെ ചുമതല നല്‍കി സ്ത്രീപക്ഷ മുഖമായി ഉയര്‍ത്തിക്കാട്ടിയ ഉദ്യോഗസ്ഥയായിരുന്നു ബി. സന്ധ്യ. എന്നാല്‍ അതേ മുഖ്യമന്ത്രി തന്നെയാണ് പൊടുന്നനെയുള്ള തീരുമാനത്തോടെ സന്ധ്യയെ ദക്ഷിണമേഖല എ.ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയതും. സി.പി.എം എറണാകുളം ജില്ലാ സമ്മേളനം കഴിഞ്ഞ് മടങ്ങിയ മുഖ്യമന്ത്രി സന്ധ്യയെ തിരുവനന്തപുരത്ത് തന്നെ നിലനിര്‍ത്തി സ്ഥലംമാറ്റാനുള്ള തസ്തിക നിര്‍ദേശിക്കാന്‍ ഡി.ജി.പിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് പൊലീസ് ട്രയിനിങ് കോളജില്‍ പുതുയ തസ്തിക സൃഷ്ടിച്ച് ക്രമസമാധാന രംഗത്ത് നിന്ന് തന്നെ മാറ്റിയത്. സന്ധ്യ മേല്‍നോട്ടം വഹിച്ചിരുന്ന നടിയെ ആക്രമിച്ച കേസില്‍ വീഡിയോ ദൃശ്യങ്ങളെ അധീകരിച്ച് പൊലീസിനെതിരെ ദിലീപ് ഗുരുതര ആരോപണങ്ങളുന്നയിച്ചതിന് പിന്നാലെയാണ് സ്ഥലം മാറ്റം. കൂടാതെ കുറ്റപത്രം ചോര്‍ന്നതില്‍ കോടതി അന്വേഷണസംഘത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഇങ്ങിനെയുള്ള തിരിച്ചടികളുയരുന്ന സമയത്ത് എ.ഡി.ജി.പിയെ മാറ്റിയതിനൊപ്പം തുടര്‍ന്ന് ആര് മേല്‍നോട്ടം വഹിക്കുമെന്ന് വ്യക്തമാക്കാത്തത് കേസിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും വിമര്‍ശനങ്ങളുയര്‍ന്നുണ്ട്. എന്നാല്‍ ഒരേ സ്ഥാനത്ത് ഒന്നര വര്‍ഷത്തിലേറെയായതിനാലുള്ള സ്വാഭാവിക മാറ്റമെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം. അതേസമയം പിണറായി സര്‍ക്കാരെത്തിയത് മുതല്‍ നിര്‍ണായക സ്ഥാനം നല്‍കാതിരുന്ന എ.ഡി.ജി.പി കെ.പത്മകുമാറിനെ ഗതാഗത കമ്മീഷ്ണറാക്കിയതും പൊലീസ് തലപ്പത്ത് ചര്‍ച്ചയായി. സോളര്‍ ജുഡീഷ്യല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് തല നടപടി നേരിട്ട് രണ്ട് മാസം തികയും മുന്‍പാണ് പത്മകുമാര്‍ തിരികെയെത്തുന്നതെന്നതും ശ്രദ്ധേയമാണ്. 

MORE IN KERALA
SHOW MORE