സംസ്ഥാനത്തെ ദുരന്ത നിവാരണ സംവിധാനം തീർത്തും അപര്യാപ്തം

Thumb Image
SHARE

സംസ്ഥാനത്തെ ദുരന്ത നിവാരണ സംവിധാനം തീര്‍ത്തും അപര്യാപ്തമെന്ന് കംപ്ട്രോളര്‍ ആന്റ് ഒാഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്. ദുരന്തമുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തനക്ഷമല്ലെന്നും സിഎജി. 2017 മാര്‍ച്ച് മാസത്തില്‍തന്നെ സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചതാണ്. ചുമതലയുള്ള റവന്യൂ വകുപ്പ് ഇക്കാര്യം കണ്ടില്ലെന്ന് നടിച്ചു.

ഒാഖി തീരപ്രദേശത്തെയാകെ കശക്കിയെറിഞ്ഞപ്പോഴാണ് ദുരന്ത മുന്നറിപ്പ്, നിവാരണ സംവിധാങ്ങളുടെ പരിതാപകരമായ അവസ്ഥ കേരളം തിരിച്ചറിഞ്ഞത്. ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ സിഎജി നല്‍കിയ റിപ്പോര്‍ട്ടില്‍ എമര്‍ജന്‍സി ഒാപ്പറേറ്റിങ് സെന്ററുകളുടെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും അവസ്ഥയെ നിശിതമായി വിമര്‍ശിച്ചിരുന്നു. സംസ്ഥാന തലത്തിലും ജില്ലകളിലും വിശദമായ പരിശോധനക്കുശേഷമാണ് സിഎജി ഇക്കാര്യങ്ങള്‍ നിയമസഭയെയും സര്‍ക്കാരിനെയും അറിയിച്ചത്. 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട എമര്‍ജന്‍സി ഒാപ്പറേറ്റിങ് സംവിധാനം സംസ്ഥാന തലത്തിലും ജില്ലകളിലും പ്രവര്‍ത്തനക്ഷമമല്ല. വേണ്ട വിവര വിനിമയ സംവിധാനങ്ങളില്ല. ഹെഫ്രീക്വന്‍സി റേഡിയോ നെറ്റ്വര്‍ക്ക് പലപ്പോഴും പ്രവര്‍ത്തിക്കുന്നില്ല. ഹാം റേഡിയോ നിലവിലില്ല. ജില്ലാതല എമര്‍ജന്‍സി സെന്ററുകളുടെ ഉപകരണങ്ങള്‍ കലക്ടറേറ്റുകളിലെ മറ്റ് ഒാഫീസുകളാണ് ഉപയോഗിക്കുന്നത്. 1077 എന്ന ടോള്‍ഫ്രീ നമ്പര്‍ മിക്കപ്പോഴും പ്രവര്‍ത്തന രഹിതമാണെന്നും സിഎജി കണ്ടെത്തി. 

എമര്‍ജന്‍സി സെന്ററുകളെയും കടത്തിവെട്ടുന്നതാണ് ദുരന്തനിവാരണ അതോറിറ്റിയുടെ അവസ്ഥ. ദുരന്തങ്ങളെ നേരിടാന്‍ അതോറിറ്റിക്ക് കഴിയുകയേ ഇല്ലെന്ന് ഒാഖി വരുന്നതിന് ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ സിഎജി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് പൂര്‍ണ്ണമായും അവഗണിക്കപ്പെട്ടു.

ദുരന്തങ്ങള്‍ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കാനള്ള ഏര്‍ളി വാര്‍ണിങ് സംവിധാനം വേണ്ടരീതിയില്‍ നിലവിലില്ല. ജില്ലാതലത്തില്‍ ജനങ്ങളിലേക്ക് മുന്നറിയിപ്പു നല്‍ാകനും കഴിയുന്ന ഉപകരണങ്ങളില്ല. സംസ്ഥാന ദുരന്ത നിവാരണസേനയുടെ ഘടനയും നിയമപരമല്ല. സിവില്‍ഡിഫന്‍സ് ട്രെയിനിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്നില്ല. 

സംസ്ഥാന , ജില്ലാതല ദുരന്ത നിവാരണ പ്്ളാനുകള്‍ അപര്യാപ്തമാണ്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള സമഗ്ര റിപ്പോര്‍ട്ട് നിയമസഭക്ക് സമര്‍പ്പിച്ചിട്ടില്ല. വില്ലേജ് തലത്തില്‍ദുരന്തനിവാരണ സംവിധാനം രൂപീകരിച്ചിട്ടില്ല. സിഎജി പറഞ്ഞ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ചുഴലിക്കാറ്റ് പോലെ പ്രവചന സാധ്യമായ പ്രകൃതി ദുന്തത്തിനെതിരെ കുറേക്കൂൂടി പ്രതിരോധം തീര്‍ക്കാനാവുമായിരുന്നു.

MORE IN KERALA
SHOW MORE