ജിഷ വധക്കേസ്; പൊലീസിന്റെ പീഡനത്തിന് ഇരയായത് നിരപരാധികളും

Thumb Image
SHARE

കേസന്വേഷണത്തിന്റെ തുടക്കത്തിൽ യഥാർഥ പ്രതിയെകുറിച്ച് സൂചന ലഭിക്കാഞ്ഞതോടെ ചില നിരപരാധികളും പൊലീസിന്റെ നിരന്തര പീഡനത്തിന് ഇരയായി. ജിഷയുടെ അയല്‍വാസിയായ സാബുവിനെയാണ് അന്വേഷണസംഘം കേസിന്റെ ആദ്യഘട്ടം മുതല്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയത്. യഥാർഥ പ്രതി പിടിയിലായതോടെയാണ് രണ്ടാഴ്ച നീണ്ട അന്യായ പൊലീസ് തടങ്കലിൽ നിന്ന് സാബു മോചിതനായി. പക്ഷേ ക്രൂരപീഡനത്തിൽ മാനസികമായും ശാരീരികമായും തകർന്ന സാബു ഇക്കഴിഞ്ഞ ജൂലൈയിൽ ആത്മഹത്യ ചെയ്തു. 

ജിഷയുടെ ഘാതകനെ കണ്ടെത്താതെ വലഞ്ഞ അന്വേഷണസംഘം വലയിൽ കുരുക്കിയ ആദ്യ ഇരയായിരുന്നു വട്ടോളിപടിയിലെ ഒാട്ടോ ഡ്രൈവർ സാബു. നീണ്ട പതിനഞ്ച് ദിവസം അജ്ഞാതകേന്ദ്രത്തിലായിരുന്നു സാബുവിനെ അന്വേഷണ സംഘം ചോദ്യം െചയ്തിരുന്നത്. അതിക്രൂരമായി തന്നെയായിരുന്നു ചോദ്യം ചെയ്യൽ. ഒടുവിൽ നിരപരാധിയെന്ന് പറഞ്ഞ വിട്ടയച്ച സാബു ഏറെ നിർബന്ധങ്ങൾക്ക് ഒടുവിലാണ് ഞങ്ങളുടെ ക്യാമറയ്ക്ക് മുൻപിലെത്തിയത്. യഥാർഥപ്രതി പിടിയിലായതോടെ നഷ്ടപെട്ട ജീവിതം തിരിച്ചുകിട്ടിയെന്ന പ്രതീക്ഷയാണ് അന്ന് സാബു പങ്കുവച്ചത്. 

ജിഷയുടെ തൊട്ടയല്‍ക്കാരനായ സാബു സംശയത്തിന്റെ നിഴലിലായത് ജിഷയുടെ അമ്മ രാജേശ്വരിയുടെ പരാതിയെ തുടര്‍ന്നാണ്. വട്ടോളിപടിയില്‍ ഒാട്ടോ ഒാടിച്ചും പെയിന്റ് പണിചെയ്തും പ്രായമായ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം പോറ്റിയിരുന്ന സാബുവിന്റെ ജീവിതം പക്ഷേ പിന്നീട് പഴയ നിലയിലായില്ല. കടുത്ത നിരാശയിലേക്ക് വഴുതി വീണിരുന്ന ആ യുവാവ് അധികം വൈകാതെ ആത്മഹത്യയിൽ അഭയംതേടി 

നിരപരാധികളെ പോലും സംശയത്തിന്റെ നിഴലാക്കുന്ന പൊലീസ് ഭീകരത ഇരയായാണ് ഇപ്പോൾ വട്ടോളപടിയെന്ന ചെറിയ ഗ്രാമം സാബുവിനെ ഇപ്പോൾ ഒാര്ക്കുന്നത്.

MORE IN KERALA
SHOW MORE