കേരള കോണ്‍ഗ്രസില്‍ നേതൃമാറ്റം അംഗീകരിക്കില്ലെന്ന് പി.ജെ.ജോസഫ് വിഭാഗം

Thumb Image
SHARE

നേതൃപദവികള്‍ സംബന്ധിച്ച് ലയനസമയത്ത് ഉണ്ടാക്കിയ ധാരണയാണ് പാർട്ടിയുടെ ഐക്യത്തിന് അടിസ്ഥാനമെന്ന് മോന്‍സ് ജോസഫ് എം‍എല്‍എ പറഞ്ഞു. വൈസ് ചെയർമാൻ സ്ഥാനം ഒഴിവു വന്നതുകൊണ്ടുമാത്രമാണ് ജോസ് കെ.മാണിയെ നിയമിച്ചതെന്നും മോൻസ് പറഞ്ഞു. അതേ സമയം യുഡിഎഫിലേക്കുള്ള കോൺഗ്രസിന്റെ ക്ഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും മോൻസ് കടുത്തുരുത്തിയിൽ മനോരമ ന്യൂസിനോട് പറഞ്ഞു.

യുഡിഎഫ് വിടാൻ തീരുമാനം കൈക്കൊണ്ട ചരൽക്കുന്ന് ക്യാംപിന് ശേഷം നടക്കുന്ന ആദ്യ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ജോസഫ് വിഭാഗം നിലപാട് വ്യക്തമാക്കുന്നത്. ശക്തമായ നേതൃത്വമാണ് ഇപ്പോൾ പാർട്ടിക്കുള്ളത്. ലയന സമയത്ത് നേതൃസ്ഥാനങ്ങൾ സംബന്ധിച്ച് പാർട്ടിയിൽ ഉണ്ടാക്കിയ ധാരണ ലംഘിക്കാനാവില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു

മുന്നണി പ്രവേശനം സംബന്ധിച്ച് സമ്മേളനത്തിൽ പ്രഖ്യാപനമുണ്ടാകില്ലെങ്കിലും യു ഡി എഫ് ചായ്‌വ് ജോസഫ് വിഭാഗം പ്രകടിപ്പിക്കുന്നു. യു ഡി എഫിലേക്കുള്ള കോൺഗ്രസിന്റെ ക്ഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മോൻസ് വ്യക്തമാക്കി. മുന്നണി പ്രവേശനത്തിന് സീറ്റുകളുടെ എണ്ണവും മാനദണ്ഡമാകുമെന്ന് മോൻസ് പറഞ്ഞു

ഏതായാലും നേതൃമാറ്റവും മുന്നണി പ്രവേശനവും സംബന്ധിച്ചുള്ള നിലപാടുകൾ ജോസഫ് വിഭാഗം കടുപ്പിച്ചതോടെ ഇരു വിഷയങ്ങളിലും കൂടുതൽ കൂടിയാലോചനകൾ ഉണ്ടാകുമെന്നുറപ്പായി. മാത്രമല്ല ഒറ്റയ്ക്ക് നിൽക്കുന്ന സാഹചര്യത്തിൽ പിളർപ്പൊഴിവാക്കി മുന്നോട്ടു കൊണ്ടു പോകേണ്ടതും നേതൃത്വത്തിന് അത്യാവശ്യമാണ്.

MORE IN KERALA
SHOW MORE