hadiya-supreme-court

താൻ മുസ്ലീമാണെന്നും തനിക്ക് ഭർത്താവിനൊപ്പം ജീവിക്കണമെന്നും ഹാദിയ. തന്നെ ആരും നിർബന്ധിച്ച് മതം മാറ്റിയതല്ലെന്നും ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു. സുപ്രീം കോടതിയിൽ ഹാജരാകാൻ ഡൽഹിയിലേക്ക് പോകാൻ ഹാദിയ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. കനത്ത സുരക്ഷയിൽ അച്ഛനും അമ്മയ്ക്കുമൊപ്പമാണ് യാത്ര 

തിങ്കളാഴ്ചയാണ് സുപ്രീം കോടതി ഹാദിയയെ കേൾക്കുന്നത്. വിവാഹം റദ്ദ് ചെയ്ത് ഹാദിയയെ മാതാപിതാക്കൾക്കൊപ്പം വിട്ട ഹൈക്കോടതി വിധിക്കെതിരെ ഭർത്താവ് ഷെഫിൻ ജഹാൻ നൽകിയ ഹർജിയിലാണ് ഹാദിയയെ കേൾക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചത്. ഇതിനായി ഡൽഹിയിലേക്ക് പോകാൻ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഹാദിയ താൻ മുസ്ലീമാണെന്നും തനിക്ക് ഭർത്താവിനൊപ്പം ജീവിക്കണമെന്നും മാധ്യമങ്ങളോട് പറഞ്ഞു. തന്നെ ആരും നിർബന്ധിച്ച് മതം മാറ്റിയതല്ല. 

അച്ഛനും അമ്മയും ഹാദിയയ്ക്കൊപ്പമുണ്ട്. കനത്ത സുരക്ഷയിലാണ് ഹാദിയയെ വൈക്കത്തെ വീട്ടിൽ നിന്ന് നെടുമ്പാശേരിയിലേക്ക് കൊണ്ടുവന്നത്. മൂന്നു വനിതാ പൊലീസുകാരുൾപ്പെടെ അഞ്ചു പൊലീസുകാർ ഹാദിയയ്ക്കൊപ്പമുണ്ട്. തന്റെ മകൾ അഖിലയെ നിർബന്ധിച്ച് മതം മാറ്റി ഹാദിയയാക്കിയെന്നും സിറിയയിലേക്ക് കടത്താനാണ് പദ്ധതിയെന്നും ആരോപിച്ചായിരുന്നു പിതാവ് അശോകൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകിയത്. ഇതിൽ മെയ് 24ന് ഹൈക്കോടതി ഹാദിയയുടെ വിവാഹം റദ്ദാക്കുകയായിരുന്നു. ഈ വിധിക്കെതിരെയാണ് ഭർത്താവ് ഷെഫിൻ ജഹാൻ സുപ്രീം കോടതിയിലെത്തിയത്.