കെ.എസ്.ആർ.ടി.സിയിൽ വീണ്ടും മെല്ലപ്പോക്ക് സമരം

Thumb Image
SHARE

കെ.എസ്.ആർ.ടി.സിയിൽ വീണ്ടും ജീവനക്കാരുടെ മെല്ലപ്പോക്ക് സമരം. ജീവനക്കാർ ജോലിക്കെത്താത്തത് കാരണം, തിരുവനന്തപുരം ‍സെൻട്രൽ ഡിപ്പോയിൽ ഒൻപത് ദീർഘദൂര സർവീസുകൾ മുടങ്ങി. പുതിയ ഡ്യൂട്ടി പരിഷ്കരണത്തിൽ പ്രതിഷേധിച്ചാണ് സമരം. അതേസമയം ജോലിക്കെത്താത്ത വരെ സസ്പെൻഡ് ചെയ്യുമെന്ന് എം.ഡി എ.ഹേമചന്ദ്രൻ പറഞ്ഞു. 

ഡ്രൈവർമാർ ജോലിക്കെത്താത്തതാണ് സർവീസ് മുടങ്ങാൻ കാരണം. പുലർച്ചെ പുറപ്പെടേണ്ടിയിരുന്ന കോയമ്പത്തൂർ, പാലക്കാട് സ്കാനിയ സർവീസുകൾക്ക് പുറമെ ആറ് നാഗർകോവിൽ സർവീസുകളും ഒരു കന്യാകുമാരി സർവീസും ഒാടിയില്ല. കോയമ്പത്തൂർ സ്കാനിയയിൽ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന 22 പേരെ മറ്റ് ബസുകളിൽ കയറ്റിവിട്ടു. തിരുവനന്തപുരം കോയമ്പത്തൂർ സ്കാനിയ സർവീസിന് മൂന്ന് ഡ്യൂട്ടിയായിരുന്നു ഇതുവരെ നൽകിയിരുന്നത്. ഇത് രണ്ട് ഡ്യൂട്ടിയായി കുറച്ചതാണ് ഡ്രൈവർമാരെ ചൊടിപ്പിച്ചത്. 

അതേസമയം ഡ്യൂട്ടി പരിഷ്കരണത്തിന്റ പേരിൽ സമരം ചെയ്യുന്നത് അംഗീകരിക്കില്ലെന്നും  ജോലിക്ക് ഹാജരാകാത്ത ജീവനക്കാരെ സസ്പെൻ‍ഡ് ചെയ്യുമെന്നും എം.ഡി എ.ഹേമചന്ദ്രൻ അറിയിച്ചു. ഇതിനിടെ കണ്ടക്ടർമാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയതിനെതിരെയും പ്രതിഷേധം ശക്തമാണ്. 285 കണ്ടക്ടർമാരെയാണ് ഇന്നലെ മാറ്റിയത്. ഒരുമാസം മുമ്പ് ഡ്രൈവർമാരേയും കൂട്ടത്തോടെ മാറ്റിയിരുന്നു.  

MORE IN KERALA
SHOW MORE