ഇഷ്ടങ്ങള്‍ക്ക് വഴങ്ങാത്തതിന് ക്രൂരപീഡനം; പൈലറ്റിനെതിരെ എയര്‍ഹോസ്റ്റസ്

Thumb Image
SHARE

ജോലിസ്ഥലത്തെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ നമ്മുടെ ആകാശവും സുരക്ഷിതമല്ല. തിരുവനന്തപുരം സ്വദേശിയായ പൈലറ്റിന്റെ ഇംഗിതങ്ങൾക്ക് വഴങ്ങാത്ത എയർ ഇന്ത്യ എക്സ്പ്രസിലെ എയർഹോസ്റ്റസുമാർക്ക് ക്രൂരപീഡനമെന്ന് വെളിപ്പെടുത്തൽ. അധികൃതർക്കു നൽകിയ പരാതികൾ പരിഗണിക്കപ്പെട്ടില്ലെന്ന് പൈലറ്റിന്റെ മാനസിക പീഡനത്തെത്തുടർന്ന് ജോലി ഉപേക്ഷിച്ച എയർഹോസ്റ്റസ് മനോരമ ന്യൂസിനോട് പറഞ്ഞു.

ഇംഗിതത്തിന് വഴങ്ങാത്തവരെ പരസ്യമായി അധിക്ഷേപിക്കുകയാണ് ചെയ്യുക. ക്രൂവില്‍ ഒറ്റയ്ക്കാവുമ്പോള്‍ ശല്യം വര്‍ധിക്കും. ജോലി കഴിഞ്ഞാലും രക്ഷയില്ലാത്ത അവസ്ഥയാണ്. ഫെയ്സ്ബുക് വഴിയും ശല്യപ്പെടുത്തൽ തുടരും- രാജിവച്ച എയർഹോസ്റ്റസ് പറ‍ഞ്ഞു.നിരന്തരം പൈലറ്റിനെതിരെ നിരവധി പരാതികള്‍ പലരായി നല്‍കിയിട്ടും അധികൃതര്‍ നടപടിക്ക് തയാറായിട്ടില്ല. ഈ പൈലറ്റിൽ നിന്നുള്ള ദുരനുഭവങ്ങൾ ഒരാളിൽ ഒതുങ്ങുന്നില്ല. ശല്യം സഹിക്കാനാവാതെ നിലവിൽ ജോലിയിൽ തുടരുന്ന തിരുവനന്തപുരം സ്വദേശിനിയായ എയർഹോസ്റ്റസ് വലിയതുറ പൊലീസിൽ പരാതി നൽകി. ഏറെക്കാലമായി ശല്യപ്പെടുത്തലിന് ഇരയാകാറുണ്ടെങ്കിലും പുറത്തുപറഞ്ഞിരുന്നില്ല. സെപ്തംബർ 18ന് മറ്റു ജീവനക്കാർക്കു മുന്നിൽ അപമാനിതയാക്കിയതോടെയാണ് പ്രതികരിക്കാൻ തീരുമാനിച്ചത്. സംഭവം കണ്ടുനിന്ന രണ്ടുയാത്രക്കാർ പിന്തുണയുമായെത്തിയതും ധൈര്യമായി. പരാതികൾ കുമിഞ്ഞുകൂടിയിട്ടും പൈലറ്റിനെതിരെ നടപടിയെടുക്കാൻ എയർ ഇന്ത്യ ഏക്സ്പ്രസ് തയാറാവാത്തതിന്റെ ആശങ്കയിലും നിരാശയിലുമാണ് ഈ എയർഹോസ്റ്റസുമാർ.

ജോലിസ്ഥലത്തെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ നമ്മുടെ ആകാശവും സുരക്ഷിതമല്ലെന്ന് ഗുരുതര സത്യമാണ് എയര്‍ഹോസ്റ്റസിന്റെ തുറന്നു പറച്ചിലോടെ പുറത്തുവരുന്നത്.  വിമാനം ആകാശത്തേക്കുയർന്നാൽ പൈലറ്റാണ് നാഥൻ. വേലി തന്നെ വിളവു തിന്നുന്ന സാഹചര്യത്തിൽ സ്ത്രീകൾക്ക് എങ്ങിനെയാണ് വിമാനത്തിൽ അഭിമാനത്തോടെ ജോലി ചെയ്യാനാവുക എന്ന ചോദ്യമാണ് ഉയരുന്നത്.  

MORE IN KERALA
SHOW MORE