സംസ്ഥാനത്തെ മൂന്ന് സ്വാശ്രയകോളജുകളിലെ മെഡിക്കല്‍പ്രവേശനം സുപ്രീംകോടതി അംഗീകരിച്ചു. തൊടുപുഴ അല്‍ അസ്ഹര്‍, വയനാട് ഡി.എം, അടൂര്‍ മൗണ്ട് സിയോന്‍ എന്നീ കോളജുകളിലെ നാനൂറ് വിദ്യാര്‍ഥികളുടെ പ്രവേശനമാണ് കോടതി ശരിവച്ചത്. വിദ്യാര്‍ഥികളുടെ ഭാവി ചൂണ്ടിക്കാട്ടിയാണ് തീരുമാനം. വിശദമായ ഉത്തരവ് പിന്നീടിറക്കുമെന്ന് കോടതി പറഞ്ഞു.
വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആഴ്ചകള്‍ നീണ്ട ആശങ്കയ്ക്ക് അവസാനമായി. വിദ്യാര്‍ഥികളുടെ ഭാവി ത്രിശങ്കുവിലാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് എസ്.എ. ബൊബ്ഡെ അധ്യക്ഷനായ ബെഞ്ച് നാനൂറ് പേരുടെയും പ്രവേശനം അംഗീകരിച്ചത്. പ്രവേശനത്തെ ശക്തമായി എതിര്‍ത്ത കേന്ദ്രസര്‍ക്കാരിനെയും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനെയും കോടതി വിമര്‍ശിച്ചു. ചെറിയ ന്യൂനതകള്‍ ചൂണ്ടിക്കാട്ടി പ്രവര്‍ത്തനാനുമതി എങ്ങനെ നിഷേധിക്കാന്‍ കഴിയുമെന്നായിരുന്നു കോടതിയുടെ ചോദ്യം.
മെഡിക്കല്‍ പ്രവേശനത്തിനും പ്രവര്ത്തനാനുമതിക്കുമുളള നടപടിക്രമങ്ങള്‍ സമയബന്ധിതമായി തന്നെ പൂര്‍ത്തിയാക്കണം. സമയക്രമം നിശ്ചയിക്കുന്നതിന് കേസില്‍ വിശദമായി വാദം കേള്‍ക്കും. സമയക്രമം പാലിച്ചില്ലെങ്കില്‍ കനത്തപിഴ ഈടാക്കുന്നത് വ്യവസ്ഥ ചെയ്യുമെന്നും കോടതി വ്യക്തമാക്കി.