വല്യുമ്മ ട്രെയിനിൽനിന്നു വീണതും ഉമ്മ ആശുപത്രിയിലേക്കു കൂടെ പോയതും അറിയാതെ മൂന്നു വയസ്സുകാരി ട്രെയിനിൽ ഒറ്റയ്ക്കായി. കുറ്റിപ്പുറത്തുനിന്നു തിരൂരിലെത്തിയ കുട്ടിയെ ആർപിഎഫ് ഏറ്റെടുത്ത് മാതാവിനു കൈമാറി. ഇന്നലെ രാവിലെ ചൈന്നൈയിൽനിന്നു മകൾക്കും കൊച്ചുമകൾക്കും ഒപ്പം തിരൂരിലേക്കു വരുന്നതിനിടെയാണ് കുറ്റിപ്പുറത്തിനു സമീപംവച്ച് മലപ്പുറം പണ്ടാരയ്ക്കൽ സുഹറാബി (65) ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്നു വീണത്.
മറ്റു യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. മാതാവ് പാളത്തിൽ വീണുകിടക്കുന്നത് കണ്ട് മകൾ ട്രെയിനിൽനിന്ന് ഇറങ്ങി ഓടി. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ സുഹറാബിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ട്രെയിൻ വിട്ടുപോവുകയും ചെയ്തു. ഇതോടെ മൂന്നു വയസ്സുകാരി റിഫ കൂടെ ആരുമില്ലാതെ ട്രെയിനിൽ തനിച്ചായി.
മറ്റു യാത്രക്കാർ അറിയിച്ചതിനെ തുടർന്ന് ട്രെയിൻ തിരൂരിൽ എത്തിയപ്പോൾ ആർപിഎഫുകാർ കുട്ടിയെ ഇറക്കി. പിന്നീട് മാതാവിനെ വിവരമറിയിച്ച് കുട്ടിയെ കൈമാറുകയായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ സുഹറാബി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.