തൃപ്പൂണിത്തുറയില്‍ ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിക്കപ്പെട്ട വൃദ്ധദമ്പതികള്‍ക്ക് നഷ്ടപ്പെട്ട കിടപ്പാടം തിരികെ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ലേലത്തിലൂടെ വീടും സ്ഥലവും സ്വന്തമാക്കിയ വ്യക്തിക്ക് പണം നല്കി ഭൂമി തിരികെ വാങ്ങാനാണ് ആലോചന. ജനങ്ങളെ കുടിയിറക്കുക സര്‍ക്കാര്‍ നയമല്ലെന്ന് വൃദ്ധദമ്പതികളെ സന്ദര്‍ശിച്ച സഹകരണവകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
സിപിഎം ഭരിക്കുന്ന തൃപ്പൂണിത്തുറ ഹൗസിങ് സഹകരണസംഘത്തില്‍ നിന്ന് ഒന്നരലക്ഷം രൂപയാണ് കോരങ്ങാട്ട് രാമന്റെ മകന് ദിനേശന് വായ്പയെടുത്തത്. വായ്പ തിരിച്ചടയ്ക്കാതിരുന്നതോടെ പലിശയടക്കം കടബാധ്യത 2.,72,011 രൂപയായി ഉയര്‍ന്നു. ഈ തുക തിരിച്ചുപിടിക്കാനാണ് രണ്ടു സെന്റ് സ്ഥലവും വീടും ലേലത്തില്‍ വച്ചത്. പത്തുലക്ഷത്തിലേറെ വിലമതിക്കുന്ന വീടും സ്ഥലവും അഞ്ചുലക്ഷം രൂപയ്ക്കാണ് സ്വകാര്യവ്യക്തി സ്വന്തമാക്കിയത്. ഈ ഭൂമി തിരിച്ചുവാങ്ങി നല്‍കുമെന്ന് കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. ഇതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ആയിരം ചതുരശ്ര അടിയില്‍ താഴെ കിടപ്പാടമുള്ളവരുടെ വീടും സ്ഥലവും ജപ്തി ചെയ്യില്ലെന്ന സര്‍ക്കാര്‍ തീരുമാനം വന്നതിനു പിന്നാലെയായിരുന്നു കുടിയൊഴിപ്പിക്കല്‍ നടപടിയുണ്ടായത്. വീട് ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി എടുത്തുകൊണ്ടുപോയ അലമാരയും പാചകവാതക സിലിണ്ടറും ഉള്‍പ്പെടെയുള്ളവ വീട്ടില്‍ തിരികെയെത്തിച്ചിട്ടുണ്ട്.