ഒരു സിനിമ പോലെ സസ്പെന്‍സ് നിറഞ്ഞതായിരുന്നു ആലുവ പൊലീസ് ക്ലബിലെ ദിലീപിന്റെയും നാദിര്‍ഷയുടെയും ചോദ്യംചെയ്യല്‍. ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയുള്ള പ്രതികരണം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെങ്കിലും തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് പറഞ്ഞായിരുന്നു ദിലീപ് വീട്ടിലേക്ക് മടങ്ങിയത്.
ഇന്നലെ രാവിലെ മുതല്‍ ദിലീപിനെ ചോദ്യം ചെയ്യും എന്നതരത്തിലുള്ള അഭ്യൂഹം ശക്തമായിരുന്നു. ആലുവയിലെ വീടിന് മുന്നില്‍ മണിക്കൂറുകള്‍ കാത്തിരുന്ന മാധ്യമങ്ങളുടെ മുന്നിലേക്ക് ഉച്ചയ്ക്ക് 12മണിയോടെയാണെത്തിയത്. ചോദ്യം ചെയ്യല്‍ അല്ല, താന്‍ നല്കിയ പരാതിയില്‍ മൊഴി എടുക്കുകയാണ്. മാധ്യമവിചാരണയ്ക്ക് തന്നെ കിട്ടില്ലെന്നും ദിലീപിന്റെ ആദ്യപ്രതികരണം.
പന്ത്രണ്ടരയോടെ ദിലീപും നാദിര്‍ഷയും ആലുവ പൊലീസ് ക്ലബിലെത്തി. രണ്ടോ മൂന്നോമണിക്കൂര് കൊണ്ട് പൂര്‍ത്തിയാകും എന്ന് എല്ലാവരും കരുതിയ ചോദ്യം ചെയ്യല്‍ മണിക്കൂറുകള്‍ നീണ്ടു. സൂപ്പര്‍താരത്തെ ചോദ്യം ചെയ്യുന്നതറിഞ്ഞ് ആരാധകരും ആളും പെരുകി. അമ്മയുടെ യോഗം തുടങ്ങുമെന്നറിയിച്ച വൈകിട്ട് 7മണിക്ക് ദിലീപ് പുറത്തെത്തിയില്ല. രാത്രി പതിനൊന്ന് മണിയോടെ നടന് സിദ്ദിഖും നാദിര്‍ഷായുടെ സഹോദരന് സമദും പൊലീസ് ക്ലബിലെത്തി. പക്ഷേ ഇരുവര്‍ക്കും അനുമതിയുണ്ടായില്ല.
പിന്നീട് സമദിന് മാത്രം ക്ലബിനുള്ളിലേക്ക് പ്രവേശിപ്പിച്ചു. വീണ്ടും രണ്ടുമണിക്കൂര്‍ കഴിഞ്ഞ് 1.05ഒാടെയാണ് ദിലീപിനെയും നാദിര്‍ഷയയെും മടങ്ങാന്‍ പൊലീസ് അനുവദിച്ചത്. കോണ്‍ഫിഡന്റാണെന്ന് ദിലീപിന്റെ പ്രതികരണം. രണ്ടു കാറുകളിലായി വന്ന ദിലീപും നാദിര്‍ഷയും നാദിര്‍ഷയുടെ കാറില്‍ സിദ്ദിഖിനൊപ്പം മടങ്ങി.