സുപ്രീംകോടതി ഉത്തരവിന് വില കല്‍പ്പിക്കാത്ത വില്ലേജ് ഓഫിസര്‍. കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം വില്ലേജില്‍ എണ്പത്തിയാറു സെന്റ് സ്ഥലത്തിന്റെ അവകാശം കായംകുളം സ്വദേശിനി സുലേഖാ ദേവിക്കാണെന്ന് ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വിധിയുണ്ട്. എന്നാല്‍ ഇത് അംഗീകരിച്ച് സ്ഥലത്തിന്റെ പോക്കുവരവ് ചെയ്തുനല്കാന് വില്ലേജ് ഓഫിസര്‍ തയ്യാറല്ല. കോടതി ഉത്തരവ് അംഗീകരിക്കാനാവില്ലെന്നാണ് ഉദ്യോഗസ്ഥ നിലപാട്
ചങ്ങനാശേരി താലൂക്കിലെ തൃക്കൊടിത്താനം വില്ലേജില്‍ എണ്‍പത്തിയഞ്ച് സെന്റ് സ്ഥലം കായംകുളം സ്വദേശിനി സുലേഖാ ദേവിക്ക് പിതാവ് ഇഷ്ദാനം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഇത് റദ്ദാക്കിയശേഷം മകന്റെ പേരില്‍ ആധാരം മാറ്റി എഴുതി. ഇതിനെതിരെ മകള്‍ കോടതിയെ സമീപിച്ചു. ഇഷ്ദാനം നല്‍കിയത് റദ്ദുചെയ്യാനാകില്ലെന്നായിരുന്നു ഹൈക്കോടതി വിധി. എതിര്‍കക്ഷി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും അത് തള്ളി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രണ്ടായിരത്തിപതിനഞ്ചുമുതല് വില്ലേജ് ഓഫിസ് കയറിയിറങ്ങുകയാണ് സുലേഖയും ഭര്‍ത്താവ് ബാലകൃഷ്ണനും. എന്നാല്‍ സ്ഥലത്തിന് പോക്കുവരവ് നല്കാന് അധികൃതര്‍ തയ്യാറല്ല. പകരം എതിര്‍കക്ഷിക്ക് കരമടച്ച് രസീത് നല്‍കുകയും ചെയ്തു. ഹൈക്കോടതി വിധി തെറ്റാണെന്നാണ് വില്ലേജ് ഓഫിസറുടെ നിലപാട്. റവന്യുമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടും അനുകൂല നടപടിയില്ല
ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും അനുകൂല ഉത്തരവ് ലഭിച്ചിട്ടും സ്വന്തം പുരയിടത്തില്‍ കയറാനാകാത്ത അവസ്ഥയിലാണ് ഇവര്‍. പരാതിയുമായി തഹസീല്‍ദാറെ സമീപിച്ചപ്പോള്‍ സുപ്രീംകോടതി വിധിക്ക് പകരം കീഴ്കോടതി വിധികള്‍ ഹാജരാക്കാനാണ് നിര്‍ദേശിച്ചത്. അവ നല്കിയപ്പോള് പോക്കുവരവിന് എജിയുടെ നിയമോപദേശം വേണ്ടിവരുമെന്ന് മറുപടി. ഉദ്യോഗസ്ഥര്‍ എതിര്‍കക്ഷിയുടെ സ്വാധീനത്തിന് വഴങ്ങിയെന്നുകാട്ടി മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കിയിരിക്കുകയാണ് ഈ കുടുംബം.