നിലമ്പൂര്‍ നഞ്ചന്‍കോട് റയില്‍പാത നിര്‍മാണത്തില്‍ കേരളത്തിന്റെ താല്പര്യങ്ങള്ക്ക് എതിരുനില്ക്കില്ലന്ന് കര്‍ണാടകയുടെ ഉറപ്പ്. പദ്ധതിക്കുള്ള തടസങ്ങള്‍ നീക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെയും റയില്‍വെ പ്രതിനിധികളുടെയും യോഗം വിളിക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കേരള സംഘത്തിന് ഉറപ്പുനല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയുമായി ബെംഗളൂരുവില്‍ കൂടിക്കാഴ്ച നടത്തിയത്.
പരിസ്ഥിതി പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ബന്ദിപ്പൂര്‍ ദേശീയ ഉദ്യാനത്തിലൂടെയുള്ള റയില്‍പാതയെ കര്‍ണാടക എതിര്‍ക്കുന്നത്. സാങ്കേതിക തടസങ്ങള്‍ ഉന്നയിച്ച് കര്‍ണാടക വനം വകുപ്പ് റയില്‍പാത സര്‍വെയ്ക്ക് അനുമതി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ സംഘം ബെംഗളൂരുവില്‍ സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയത്. പദ്ധതി മുടങ്ങില്ലന്നും കേരളത്തിന്റെ താപര്യങ്ങള്‍ക്ക് കര്‍ണാടക എതിരുനില്കില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പുനില്കി. ഉദ്യോഗസ്ഥതല യോഗത്തില്‍ കേരളത്തിന്റെ ചീഫ് സെക്രട്ടറിയെ ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞതായി രമേശ് ചെന്നിത്തല വ്യക്തമാക്കി.
സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലാണ് ഇനി ആവശ്യമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം വ്യക്തമാക്കി. കെ പി സി സി പ്രസിഡന്റ് എം.എം.ഹസന്, എം പിമാരായ കെ സി വേണുഗോപാല്‍, എം.ഐ.ഷാനവാസ് , ഐ സി ബാലകൃഷണന് എം.എല്‍ എ, ആര്യാടന് ഷൗക്കത്ത്, മലപ്പുറ ഡി സി സി പ്രസിഡന്റ് വി.വി.പ്രകാശ് തുടങ്ങിയവരും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.