മന്ത്രി എം.എം.മണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറില്‍ നിരാഹാരം നടത്തിയിരുന്ന പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമരക്കാരുടെ എതിര്‍പ്പിനെ മറികടന്ന് ബലപ്രയോഗത്തിലൂടെയായിരുന്നു അറസ്റ്റ്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സമരപ്പന്തലിലെത്തിയ പൊലീസ് ആശുപത്രിയിലേക്ക് മാറണമെന്ന് സമരക്കാരോട് ആവശ്യപ്പെട്ടത്. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് നിര്‍ദേശം. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും സമരം തുടരുകയാണെന്നും പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി നിലപാടെടുത്തു.
ഗോമതിക്ക് പിന്തുണയുമായി സമരപ്പന്തലിലുണ്ടായിരുന്ന കോണ്‍ഗ്രസ്, എഎപി പ്രവര്‍ത്തകരും രംഗത്തെത്തി. ഇതോടെബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു. ആംബുലന്‍സിന് ഉള്ളില്‍ നിന്ന് പുറത്തുചാടാന്‍ ഗോമതി ശ്രമിച്ചത് പരിഭ്രാന്തി പരത്തി. സമരക്കാരുമായി പോയ ആംബുലന്‍സ് അടിമാലിയില്‍ യൂത്ത് കോണ്‍. പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് അഞ്ചു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലും പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്. മരുന്നുകള്‍ സ്വീകരിക്കാന്‍ ഗോമതി വിസമ്മതിച്ചു.
Advertisement