സുപ്രീംകോടതി നിയമനം റദ്ദാക്കിയെങ്കിലും ലോകനാഥ് ബെഹ്റ തന്നെ പൊലീസ് മേധാവിയായി നാളെ പൊലീസ് ഉന്നതതല യോഗത്തിൽ പങ്കെടുക്കും. കൊച്ചിയിൽ നാളെ വൈകിട്ട് മൂന്നിനാണ് യോഗം. സെൻകുമാർ കേസിന്റെ വിധിയിലൂടെ സുപ്രീം കോടതി തിങ്കളാഴ്ചയാണ് ബെഹ്റയുടെ നിയമനം റദ്ദാക്കിയത്.
56 പേജില്‍ എഴുതിയ സെൻകുമാർ കേസുവിധി സുപ്രീംകോടതി അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.
Under the circumstances we are compelled to set aside the judgement and order of the central administrative tribunal, the impugned judgement and order of the High court as well as the order dated 1st June, 2016.
സുപ്രീംകോടതി ഈ പരാമർശിച്ച ജൂൺ ഒന്നിന്റെ സർക്കാർ ഉത്തരവ് പ്രകാരമാണ് ലോകനാഥ് ബെഹ്റ കേരള പൊലീസിന്റെ തലപ്പത്ത് എത്തിയത്. അത് റദ്ദാക്കുന്നതായി പരമോന്നത കോടതി ഇത്ര വ്യക്തമായി പറഞ്ഞ ശേഷം നടക്കുന്ന ആദ്യ പൊലീസ് യോഗമാണ് കൊച്ചിയിലേത്. തുടർച്ചയായി വീഴ്ചകള്‍ വരുത്തുന്ന പൊലീസിനെ തിരുത്താൻ മുഖ്യമന്ത്രി മുൻകൈയ്യെടുത്ത് വിളിച്ചുചേർക്കുന്ന യോഗങ്ങളിൽ ഒടുവിലത്തേത്. തിങ്കളാഴ്ച കണ്ണൂരിൽ ചേർന്ന യോഗത്തിന് തൊട്ടുമുൻപാണ് ലോകനാഥ് ബെഹ്റയുടെ നിയമനം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയെത്തിയത്. വിധിയുടെ വിശദാംശങ്ങൾ അപ്പോൾ പുറത്തുവന്നിരുന്നില്ല എന്നതിനാല്‍ മുൻനിശ്ചയിച്ചപടി തന്നെ യോഗം നടന്നു. എന്നാൽ കോടതിവിധിയുടെ പകർപ്പ് ഔദ്യോഗികമായി ലഭിച്ച ശേഷവും പൊലീസ് മേധാവിയായി യോഗത്തിൽ പങ്കെടുക്കാൻ തന്നെയാണ് ലോകനാഥ് ബെഹ്റയുടെ തീരുമാനം.
മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് മുൻ ഡിജിപി രമൺ ശ്രീവാസ്തവയും കൊച്ചി യോഗത്തിൽ പങ്കെടുക്കും. വിരമിച്ചത് മുതൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ശ്രീവാസ്തവ കണ്ണൂർ യോഗത്തിൽ പങ്കെടുത്തത് പൊലീസുകാർക്ക് നിർദേശം നൽകിയത് വിവാദമായെങ്കിലും കൊച്ചി യോഗത്തിലും പങ്കെടുക്കാൻ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം. ഇരുവരുടെയും കാര്യത്തിൽ മറിച്ചൊരു തീരുമാനമോ നിർദേശമോ സർക്കാരിന്റെ ഭാഗത്തുനിന്നുമില്ല എന്നതാണ് ശ്രദ്ധേയം.