കയ്യേറ്റമുണ്ടായ മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ രാത്രി സ്ഥാപിച്ച മരക്കുരിശ് കാണാതായി. കുരിശ് നാട്ടിയെന്നും പിന്നീട് മാറ്റിയെന്നും കരുതുന്ന രണ്ടുപേരെ പൊലീസ് പിടികൂടി. സ്ഥലത്ത് സ്ഥിരം പൊലീസ് കാവല്‍ ഏര്‍പ്പെടുത്താനും തീരുമാനമായി. റവന്യൂവകുപ്പ് പൊളിച്ചുമാറ്റിയ വലിയ കുരിശിന്റെ സ്ഥാനത്ത് രാത്രി അജ്ഞാതര്‍ സ്ഥാപിച്ച മരക്കുരിശാണ് രാവിലെ കാണാതായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംശയകരമായ സാഹചര്യത്തില്‍ കണ്ട രണ്ട് സ്പിരിറ്റ് ഇന്‍ ജീസസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.
കല്‍പ്പറ്റ സ്വദേശി രാജു, രാജകുമാരി സ്വദേശി സിബി എന്നിവരാണ് പിടിയിലായത്. സ്ഥലം കയ്യേറിയ സ്പിരിറ്റ് ഇന്‍ ജീസസ് ഗ്രൂപ്പ് മേധാവി ടോം സക്കറിയയുടെ വാഹനത്തിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. വാഹനവും പൊലീസ് പിടികൂടി. ജില്ലാ പൊലീസ് മേധാവി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും സ്െപഷല്‍ വില്ലേജ് ഓഫീസര്‍ സൈജു ജോര്‍ജിന്റെ നേതൃത്വത്തിലുള്ള റവന്യൂസംഘവും സ്ഥലത്ത് പരിശോധന നടത്തി. വീണ്ടും കയ്യേറ്റമുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് എഎസ്ഐയുടേ നേതൃത്വത്തില്‍ പത്ത് പൊലീസുകാരുള്‍പ്പെട്ട സംഘത്തെ ഇവിടെ സ്ഥിരമായി കാവലിന് നിയോഗിക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ വക ഭൂമി എന്ന ബോര്‍ഡും സ്ഥാപിക്കും.
Advertisement