മലപ്പുറത്ത് കെ.എം.മാണിയില്ലെങ്കിലും യു.ഡി.എഫ് ജയിക്കുമെന്നുള്ള പിടി തോമസിന്റ പ്രസ്താവന തള്ളി കോൺഗ്രസ് നേതാക്കൾ. പി.ടിയുടേത് പാർട്ടിയുടെ നിലപാടല്ലെന്ന് രമേശ് ചെന്നിത്തലയും മുന്നണിയിലേക്കുള്ള കെ.എം മാണിയുടെ വരവിനെ ഇല്ലാതാക്കരുതെന്ന് കെ.മുരളീധരനും പ്രതികരിച്ചു. അതേസമയം ആരുടെ മുന്നിലും അപേക്ഷയുമായി പോയ ചരിത്രം പാർട്ടിക്കില്ലെന്നും മുന്നണിപ്രവേശനത്തിന്റെ പേരില്‍ എഴുതാപ്പുറം വായിക്കണ്ടന്നുമായിരുന്നു പി.ടിയ്ക്കുള്ള കേരള കോൺഗ്രസിന്റ മറുപടി
മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിയപ്പോഴായിരുന്നു കെ.എം മാണിയുടെ പിന്തുണയില്ലെങ്കിലും യു.ഡി.എഫ് വൻജയം നേടുമെന്ന പി.ടി തോമസിന്റ വിവാദപ്രസ്താവന.എന്നാൽ അത് പി.ടിയുടെ വ്യക്തിപരമായ നിലപാടാണന്നായിരുന്നു പ്രതിപക്ഷ നേതാവിന്റ പ്രതികരണം.
കെ.എം മാണി യു.ഡി.എഫിലേക്ക് തിരിച്ചുവരുന്നതിന്റ തുടക്കമാണ് മലപ്പുറത്തെ പിന്തുണയെന്നും വിവാദ പ്രസ്താവനകൾ കൊണ്ട് ഇല്ലാതാക്കരുതെന്നും കെ മുരളീധരൻ
മുസ്ലീം ലീഗ് നേരിട്ടും രേഖാമൂലവും ആവശ്യപ്പെട്ടതുകൊണ്ടാണ് മലപ്പുറത്ത് പിന്തുണയ്ക്കുന്നതെന്ന് കേരള കോൺഗ്രസ് എം വ്യക്തമാക്കി. പിന്തുണ കുഞ്ഞാലിക്കുട്ടിയ്ക്കും ലീഗിനും ഉള്ളതാണ്. മുന്നണിയിലേക്ക് തിരിച്ചുവരേണ്ട സാഹചര്യം ഇപ്പോഴില്ല. അതുകൊണ്ടുതന്നെ പിടിയുടെ പ്രസ്താവന അർഥമില്ലാത്തതാണെന്നായിരുന്നു വാർത്താക്കുറിപ്പിലൂടെ കേരളകോൺഗ്രസിന്റ മറുപടി