തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിനോട് സി.പി.എം കേന്ദ്ര നേതൃത്വത്തിന് വിയോജിപ്പ്. എന്നാല്‍ പുതിയ മന്ത്രിയെ തീരുമാനിക്കേണ്ടത് കേരളത്തിലാണെന്നും സംസ്ഥാന നേതൃത്വം അഭിപ്രായം തേടിയാല്‍ മാത്രമേ ഇടപെടുകയുള്ളൂ എന്നുമാണ് നേതാക്കളുടെ നിലപാട്. എന്നാല്‍, മന്ത്രിസ്ഥാനം ആര്‍ക്കെന്ന് തീരുമാനിക്കേണ്ടത് എന്‍സിപിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
എ.കെ ശശീന്ദ്രനു പകരം ആരെയെങ്കിലും മന്ത്രിസഭയിലേയ്ക്ക് എടുക്കണോ, അത് ആര് വേണം എന്നീ കാര്യങ്ങള്‍ കേരളത്തിലാണ് തീരുമാനിക്കേണ്ടതെന്നാണ് സി.പിഎം കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. മന്ത്രിസ്ഥാനം സംബന്ധിച്ച് തര്‍ക്കങ്ങളോ, പരാതികളോ ഉണ്ടെങ്കില്‍ മാത്രമേ കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെടുകയുള്ളൂ. എന്നാല്‍ തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് യോജിച്ചതല്ല എന്നാണ് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരി അടക്കമുള്ള കേന്ദ്ര നേതാക്കളുടെ അഭിപ്രായം. തോമസ് ചാണ്ടിക്കെതിരായ മന്ത്രിയാക്കുന്നതിനോടുള്ള വിയോജിപ്പ് പിണറായി സര്‍ക്കാരിന്റെ രൂപീകരണ സമയത്തും എന്‍ സി പി നേതാവ് ശരദ് പവാറിനെ സി.പിഎം അറിയിച്ചിട്ടുണ്ട്. അന്ന് സിപിഎം താല്പര്യങ്ങള് ശശീന്ദ്രന് മന്ത്രിസ്ഥാനം ലഭിക്കാന്‍ വഴിയൊരുക്കി. എന്നാല്‍ എന്‍സിപിക്ക് രണ്ട് അംഗങ്ങള്‍ മാത്രമേയുള്ളൂ എന്നതിനാല്‍ തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കുകയും, മന്ത്രി സ്ഥാനം കളയേണ്ടെന്ന് എന്‍ ,സി പി തീരുമാനിക്കുകയും സി.പിഎമ്മിന് മുന്നണിമര്യാദകള്‍ പാലിക്കേണ്ടിവരികയും ചെയ്താല്‍ കാര്യങ്ങള്‍ തോമസ് ചാണ്ടിക്ക് അനുകൂലമാകും.
ഗോവയില്‍ ബിജെപിയെ എന്‍സിപി പിന്തുണച്ചതിലും സിപിഎം നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇക്കാര്യത്തില്‍ എന്‍സിപിയോട് നിലപാട് വിശദീകരിക്കാന്‍ സിപിഎം കേന്ദ്ര നേതൃത്വം ആവശ്യപ്പെടും. എല്‍ഡിഎഫിലും ഇക്കാര്യത്തില്‍ എന്‍.സിപിക്ക് വിശദീകരണം നല്‍കേണ്ടിവരും. ശരദ് പവാറുമായി സീതാറാം യച്ചൂരി നാളെ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തും