രക്ഷിക്കേണ്ടവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന വെറും കാഴ്ചക്കാരായി മാറിയതോടെ രക്തംവാര്‍ന്ന് റോഡില്‍ കിടന്ന യുവാവിന് ദാരുണഅന്ത്യം. ആശുപത്രിയിലെത്തിക്കണമെന്ന് യുവാവ് അപേക്ഷിക്കുമ്പോഴും മൊബൈല്‍ ചിത്രീകരണത്തിനാണ് കൂടിനിന്നവര്‍ ശ്രമിച്ചത്. ബംഗളൂരു നഗരത്തിലെ തിരക്കേറിയ റോഡിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവമുണ്ടായത്.
ബെംഗളൂരു കൊപ്പാളില്‍ സൈക്കിളില്‍ മാര്‍ക്കറ്റിലേക്ക് വരുകയായിരുന്ന അന്‍വര്‍ അലിയെ അമിതവേഗതയില്‍ എത്തിയ കര്‍ണാടക ആര് ടി സി ബസ് ഇടിച്ചിടകയായിരുന്നു. ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ഗുരുതര പരുക്കുകളോടെ രക്തം വാര്‍ന്ന് റോഡില്‍ കിടന്ന അന്‍വര്‍ സഹായത്തിനായി നിലവിളിച്ചു. ചുറ്റും കൂടിയവര്‍ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല. പകരം മൊബൈല്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള മല്‍സരമായിരുന്നു. അരമണിക്കൂറിനു ശേഷം പൊലീസ് ആംബുലന്‍സിലാണ് അന്‍വറിനെ ആശുപത്രിയില്‍ എത്തിച്ചത്. എങ്കിലും ജീവന് രക്ഷിക്കാനായില്ല. ഒരാഴ്ചമുന്പ് മൈസൂരുവിലും സമാനമായ സംഭവം നടന്നിരുന്നു. ബസും ജീപ്പും കൂട്ടിയിടിച്ച് ജീപ്പിനുള്ളില്‍ കുടുങ്ങിയ പൊലീസുകാരനെ രക്ഷിക്കാന്‍ ആരും മുന്നോട്ടുവന്നില്ല. രക്തം വാര്‍ന്നാണ് പൊലീസുകാരനും മരിച്ചത്.