അധികാരത്തിലെത്തിയാല്‍ നാലാഴ്ചയ്ക്കകം പഞ്ചാബിലെ ലഹരിമരുന്നു മാഫിയയെ അടിച്ചമര്‍ത്തുമെന്ന് പഞ്ചാബ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. മാഫിയക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിനെ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് അമരീന്ദര്‍ സിങ് മനോരമ ന്യൂസിനോട് പറഞ്ഞു. ആം ആദ്മി പാര്‍ട്ടിക്ക് പഞ്ചാബില്‍ വേരോട്ടമില്ലെന്നു പറഞ്ഞ ക്യാപ്റ്റന്‍, കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും വ്യക്തമാക്കി.
അമരീന്ദര്‍ സിങ്ങായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ക്യാപ്റ്റന്‍ മനോരമ ന്യൂസിനോട് സംസാരിച്ചത്. സംസ്ഥാനത്തെ ലഹരിമരുന്നു മാഫിയയെ നിയന്ത്രിക്കുന്നത് അകാലിദളാണ്. ലഹരിമരുന്ന് വരുന്നത് എവിടെ നിന്നാണെന്നും ആരാണ് ഇതിനു പിന്നിലെന്നും ഞങ്ങള്‍ക്കറിയാം. ഭരണത്തിലെത്തിയശേഷം മാഫിയയെ അടിച്ചമര്‍ത്തും.
ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നവരെല്ലാം പഞ്ചാബിന് പുറത്തു നിന്നുള്ളവരാണ്. രണ്ടര വര്‍ഷം കൊണ്ട് അരവിന്ദ് കേജ്്രിവാള് ഡല്‍ഹിയെ നശിപ്പിച്ചു. അത് ഇവിടെ എല്ലാവര്ക്കും അറിയാം. ആം ആദ്മി പാര്‍ട്ടി മുങ്ങുന്ന കപ്പലാണ്.പത്തു വര്‍ഷം കൊണ്ട് ബി.ജെ.പി..അകാലിദള്‍ സര്‍ക്കാര്‍ സംസ്ഥാനത്തെ തകര്‍ത്തു. ലാംബിയില്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനെ തറപറ്റിക്കും. ജനങ്ങള്‍ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് ജനങ്ങള്‍ക്കു വേണ്ടിയാണ്. പക്ഷേ, ബാദല്‍ സ്വന്തക്കാര്‍ക്കു വേണ്ടി മാത്രമാണ് നിലകൊണ്ടതെന്നും അമരീന്ദര്‍ സിങ് ആരോപിച്ചു.