വിദ്വേഷ രാഷ്ട്രീയത്തിന് അന്ത്യം കുറിയ്ക്കാനാണ് സമാജ്വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയതെന്ന് രാഹുല്‍ ഗാന്ധി. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ജനങ്ങള്‍ വോട്ടിലൂടെ മറുപടിനല്‍കുമെന്നും, എസ്.പി. അധ്യക്ഷന്‍ അഖിലേഷ് യാദവിനൊപ്പം ലഖ്നൗവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയും താനും സൈക്കിളിന്റെ രണ്ടുചക്രങ്ങളാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
തിരഞ്ഞെടുപ്പുസഖ്യം തീരുമാനിച്ച ശേഷം ആദ്യമായാണ് ഇരുനേതാക്കളും ഒന്നിച്ച് മാധ്യമങ്ങളെ കാണുന്നത്. എസ്പി.കോണ്‍ഗ്രസ് മുന്നണി ജനങ്ങളുടെ സഖ്യമാണെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. ഗംഗാ യമുനാ സംഗമം പോലെയാണ് കോണ്‍ഗ്രസ്, സമാജ്്വാദി പാര്‍ട്ടി സഖ്യം. ആര്,എസ്.എസിന്റെ അജണ്ട നടപ്പിലാക്കുന്ന ബി.ജെ.പി രാജ്യത്തിന് അപകടമാണെന്നും രാഹുല്‍ ആരോപിച്ചു.
കോണ്‍ഗ്രസിന് വലിയമുതല്ക്കൂട്ടായ പ്രിയങ്ക ഗാന്ധി പ്രചാരണത്തിനുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.നോട്ട് അസാധുവാക്കിയതിലൂടെ ജനങ്ങളെ ദുരിതത്തിലാക്കിയ മോദി സര്‍ക്കാരിന്, ജനം വോട്ടിലൂടെ മറുപടി നല്‍കുമെന്ന് അഖിലേഷ് പറഞ്ഞു. പുരോഗതി,സമൃദ്ധി, സമാധാനം എന്നിവയാണ് സഖ്യത്തിന്റെ ലക്ഷ്യം.
മുസ്്ലിം, ദലിത് വിഭാഗങ്ങള്‍ താമസിക്കുന്ന ലക്നൗ, ലാല്‍ബാഗ്, അമിനാബാദ് മേഖലകളിലൂടെ ഇരുനേതാക്കളും റോഡ് ഷോയും നടത്തി.