നേതൃതലത്തില്‍ കൃത്യമായ അഴിച്ചുപണി നടത്തിയാല്‍ മാത്രമേ കോണ്‍ഗ്രസിനു തിരിച്ചു വരവു സാധ്യമാകൂവെന്നു മുതിര്‍ന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യർ. ബൂത്തു തലം മുതല്‍ ദേശീയ അധ്യക്ഷ സ്ഥാനത്തേക്കു വരെ തിരഞ്ഞെടുപ്പ് നടത്തണം. ഇടതു പാര്‍ട്ടികളെ കൂടി ഉള്‍പ്പെടുത്തി വിശലമായ മഴവില്‍സഖ്യം രൂപീകരിച്ചാല്‍ മാത്രമേ മോദിയുടെ മുന്നേറ്റത്തിനു തടയിടാന്‍ സാധിക്കൂവെന്നും മണിശങ്കര്‍ അയ്യര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
ഒാരോ പരാജയത്തിനു ശേഷവും അതേക്കുറിച്ച് പഠിക്കാന്‍ കമ്മറ്റികള്‍ നിയോഗിക്കുന്ന പതിവ് രീതി ഉപേക്ഷിച്ച് കൃത്യമായ നടപടികള്‍ക്ക് നേതൃത്വം തയ്യാറാകണമെന്നു മണിശങ്കര്‍ അയ്യര്‍ ആവശ്യപ്പെടുന്നു. ദേശീയ അധ്യക്ഷ സ്ഥാനത്തേയ്ക്കുവരെ തിരഞ്ഞെടുപ്പ് നടത്തണം. നേതാക്കളെ നോമിനേറ്റ് ചെയ്യുന്ന രീതി അവസാനിപ്പിക്കണം. നെഹ്റു ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളവര്‍ കോണ്‍ഗ്രസിനെ നേരത്തെയും നയിച്ചിട്ടുണ്ട്.
കേരളത്തിലെ യുഡിഎഫ് സമാനമായ രീതിയില്‍ വിശാലമായ മഴവില്‍ സഖ്യമുണ്ടക്കിയാല് മാത്രമേ 2019 ല്‍ മോദിയെ ചെറുക്കാന്‍ കഴിയൂ. ഇടതുപാര്‍ട്ടികളെയും സഖ്യത്തില്‍ പങ്കാളികളാക്കണമെന്നും അദ്ദേഹം പറഞ്ഞു.