ജമ്മുകശ്മീരില്‍ ജനറല്‍ റിസര്‍വ് എന്‍ജിനീയര്‍ ഫോഴ്സ് ക്യാംപിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നുജീവനക്കാര്‍ കൊല്ലപ്പെട്ടു. അഖ്്നൂറില് രാത്രി ഒന്നേകാലിനാണ് ആക്രമണമുണ്ടായത്. ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
അഖ്്നൂറില് നിയന്ത്രണരേഖയ്ക്ക് രണ്ട് കിലോമീറ്ററകലെ അതിര്‍ത്തി റോഡ് നിര്മാണസേനയുടെ ക്യാംപിനു നേരെയാണ് ഭീകരാക്രമണമുണ്ടായത്. ഗ്രനേഡ് എറിഞ്ഞശേഷം ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പത്ത് എന്‍ജിനീയര്‍മാരും ജീവനക്കാരും താമസിക്കുന്ന ക്യാംപിലുണ്ടായ ആക്രമണത്തില്‍ മൂന്ന് ജീവനക്കാര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരുക്കേറ്റു. മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയതെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പ്രതിരോധ വക്താവ് പറഞ്ഞു.
അതിര്‍ത്തിയിലെ ബറ്റാല്‍ ഗ്രാമത്തിലൂടെയാണ് ഭീകരര്‍ നുഴഞ്ഞുകയറിയതെന്നാണ് സൈന്യത്തിന്റെ നിഗമനം. ആക്രമണത്തെതുടര്‍ന്ന് അഖ്നൂറില്‍ കനത്ത ജാഗ്രത തുടരുകയാണ്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിട്ടു. ജമ്മുവില്‍ ഈ വര്‍ഷമുണ്ടാകുന്ന ആദ്യഭീകരാക്രമണമാണിത്.