തമിഴ്നാട്ടില്‍ ജല്ലിക്കട്ടിനു വേണ്ടി ഉയര്‍ന്നു വന്ന ജനകീയ മുന്നേറ്റത്തിന് വിജയം. മധുരയില്‍ നാളെ ജല്ലിക്കട്ട് നടക്കും. ജല്ലിക്കട്ട് നിരോധനം നീക്കികൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പു വച്ചു. മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും മന്ത്രിമാരും രാത്രി മധുരയിലേയ്ക്ക് തിരിയ്ക്കും.
രാജ്യം അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ യുവജന പ്രക്ഷോഭത്തിന് വിജയം. തമിഴകത്ത് നാളെ ജല്ലിക്കട്ട് നടക്കും. മധുരയില്‍ രാവിലെ 10നാണ് ജല്ലിക്കട്ട് അരങ്ങേറുക. ആവണിപുരം, പാലമേട്, അളകാനല്ലൂര്‍ എന്നിവിടങ്ങളിലാകും ജല്ലിക്കട്ട് നടക്കുക. മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം ഉദ്ഘാടനം ചെയ്യും. ഇതിനായി മധുരയില്‍ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. ജല്ലിക്കട്ട് നിരോധനം നീക്കി കൊണ്ടുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു അംഗീകാരം നല്കി.
കേന്ദ്ര നിയമ പരിസ്ഥിതി മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും അംഗീകരിച്ച ഓര്‍ഡിനന്‍സ് തമിഴ്നാട് സര്‍ക്കാരിന് കൈമാറുകയായിരുന്നു. മധുരയെ കൂടാതെ ഡിണ്ടിഗല്‍ , തഞ്ചാവൂര്‍ , കോയന്പത്തൂര്‍ എന്നിവിടങ്ങളിലും ജല്ലിക്കട്ട് നടത്താന്‍ സര്‍ക്കാര്‍ ആലോചിയ്ക്കുന്നുണ്ട്. ജല്ലിക്കട്ട് നിരോധനം നീക്കാന്‍ സഹായിച്ച പ്രധാനമന്ത്രിയ്ക്കും കേന്ദ്രസര്‍ക്കാരിനും തമിഴ്നാട് സര്‍ക്കാര്‍ നന്ദി അറിയിച്ചു.