രാജസ്ഥാനിലെ ചുരു ജില്ലയില്‍ പതിനഞ്ചുകാരി കൂട്ടമാനഭംഗത്തിനിരയായി. പതിനൊന്നാം ക്ളാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്. കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെ അതീവഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്.
ചുരു ജില്ലയിലെ ഉള്‍ഗ്രാമമായ സാന്ദ്വയിലെ വീട്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ക്രൂരമായി പീഡിപ്പിച്ച ശേഷം മര്‍ദിച്ചു. അവശനിലയിലായ പെണ്‍കുട്ടിയുടെ ശരീരത്തിലൂടെ ബൈക്ക് ഓടിച്ചുകയറ്റി ഗുരുതരപരുക്കേല്പ്പിച്ചു. നട്ടെല്ലിനും കണ്ണിനും ഗുരുതര പരുക്കേറ്റ പെണ്‍കുട്ടിയെ ജയ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ നില അതീവഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.
ക്രൂരമായി ഉപദ്രവിച്ച ശേഷം പെണ്‍കുട്ടിയെ രാത്രിയോടെ റോഡരുകില്‍ ഉപേക്ഷിക്കുകയായിരുന്നു. രാവിലെയാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍, പെണ്‍കുട്ടി പഠിക്കുന്ന ബ്രൈറ്റ് ലൈറ്റ് എന്ന സ്വകാര്യ സ്കൂളിന്റെ നടത്തിപ്പുകാരനേയും ജീവനക്കാരനേയും അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം, മാനഭംഗം, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള അതിക്രമം എന്നീ വകുപ്പുകള്‍ പ്രകാരം ഇരുവര്‍ക്കുമെതിരെ കേസെടുത്തു.