എയര്‍സെല്‍ മാക്സിസ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി ദയാനിധിമാരന് അടക്കം എട്ടുപ്രതികള്‍ കുറ്റക്കാരല്ലെന്ന് ഡല്‍ഹി പ്രത്യേക കോടതി. കേസില്‍ വിചാരണ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് എന്ഫോര്സ്മെന്റ് ഡയറക്ട്രേറ്റ് വ്യക്തമാക്കി.
യുപിഎ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ എയര്‍സെല്‍ മാക്സിസ് അഴിമതികേസില്‍ എന്‍ഫോര്‍സ് മെന്റ് ഡയരക്ട്രേറ്റിനും സിബിഐയ്ക്കും കനത്ത തിരിച്ചടി. മുന്‍ ടെലികോം മന്ത്രി ദയാനിധിമാരന് ഉള്‍പ്പെടെ എട്ട് പ്രതികള്‍ കുറ്റക്കാരല്ലെന്നാണ് ഡല്‍ഹി പ്രത്യേകകോടതിയുടെ കണ്ടെത്തല്‍. പ്രതികള്‍ക്കെതിരെ സിബിഐ കണ്ടെത്തിയ തെളിവുകള്‍ നിലനില്‍ക്കില്ല. അതുകൊണ്ട് തന്നെ കേസില്‍ വിചാരണആവശ്യമില്ലെന്നും പ്രത്യേക കോടതി ജഡ്ജി ഒ പി സെയ്ലി വിധിച്ചു.
എയര്‍സെല്‍ കന്പനിയുടെ ഓഹരികള്‍ മലേഷ്യന്‍ കന്പനിയായ മാക്സിസിന് വില്ക്കാന് മാരന് സമ്മര്‍ദം ചെലുത്തിയെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. ഇതിനായി 550 കോടിരൂപ കോഴവാങ്ങിയെന്നും അന്വേഷണറിപ്പോര്‍ട്ടില്‍ സിബിഐ വ്യക്തമാക്കുന്നു. സാന്പത്തിക കുറ്റകൃത്യമായി പരിഗണിച്ച് എന്ഫോര്സ്മെന്റ് ഡയറക്ട്രേറ്റും മാരനെതിരെ അന്വേഷണം നടത്തിയിരുന്നു. ദയാനിധി മാരന്റെ സഹോദരന് കലാനിധി മാരന് മാക്സിസ് ഉടമ ടി ആനന്ദകൃഷ്ണന് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.